തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുതിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. അധികാരത്തിൽ പങ്കാളിത്തം വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എം കെ സ്റ്റാലിനെ അറിയിച്ചു.

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് മുന്നിൽ ആവശ്യങ്ങൾ വച്ച് കോൺഗ്രസ്. 38 സീറ്റ് നൽകണം, മൂന്ന് മന്ത്രിസ്ഥാനങ്ങൾ നൽകണം എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങൾ. മന്ത്രി സ്ഥാനം തെരഞ്ഞെടുപ്പിന് മുൻപ് ഉറപ്പ് നൽകണം. ഡിഎംകെയ്ക്ക് മാത്രം മന്ത്രിമാർ എന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. എം കെ സ്റ്റാലിനെ ആവശ്യങ്ങൾ അറിയിച്ചു. 2021ൽ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 18 സീറ്റിൽ ജയിച്ചിരുന്നു.

ഘടക കക്ഷികൾക്ക് അധികാരത്തിന്‍റെ പങ്ക് നൽകും എന്ന ടി വി കെ അധ്യക്ഷൻ വിജയ്‍യുടെ പ്രസ്താവന തമിഴ്നാട്ടിൽ വലിയ ചർച്ചയായിരുന്നു. കേന്ദ്രത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമ്പോൾ ഡി എം കെയ്ക്ക് മന്ത്രിമാരെ നൽകാറുണ്ടെന്ന് കോണ്‍ഗ്രസ് ഡി എം കെയെ ഓർമിപ്പിക്കുന്നു. 2011ൽ ഡി എം കെയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോൾ പുറത്തു നിന്ന് പിന്തുണ നൽകിയതും കോണ്‍ഗ്രസ് ഓർമിപ്പിച്ചു. ഇനി അധികാരത്തിൽ പങ്കുവേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്‍റെ ആവശ്യത്തോട് ഡിഎംകെ പ്രതികരിച്ചിട്ടില്ല. പാർട്ടികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ എന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം.

ഡിസംബറിൽ എ ഐ സി സി അംഗം പ്രവീൺ ചക്രവർത്തി വിജയിയെ കണ്ടത് ചില അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. കോൺഗ്രസ് - ടി വി കെ സഖ്യം രൂപീകരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നു. കന്യാകുമാരിയിലെ ഒരു ക്രിസ്മസ് പരിപാടിയിൽ ടി വി കെ നേതാക്കളുമായി ചില കോൺഗ്രസ് നേതാക്കൾ വേദി പങ്കിട്ടു. അതിനിടെയാണ് ഘടക കക്ഷികളുമായി അധികാരം പങ്കിടുമെന്ന വിജയ്‍യുടെ പരാമർശം. താഴേതട്ടിലുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തു. അതിനിടെയാണ് ഡി എം കെ യ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.