നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തിനെതിരെ എംപി ജോതിമണി വിമർശനം ഉന്നയിച്ചപ്പോൾ, സംസ്ഥാന അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് രാജിവച്ചു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്‌നാട്ടിൽ കോൺഗ്രസിനുള്ളിൽ കലാപക്കൊടി. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർലമെൻ്റംഗം ജോതിമണി രംഗത്തെത്തി. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനെതിരെ ആരോപണം ഉന്നയിച്ച് മുതിർന്ന നേതാവ് രാജിവെക്കുകയും ചെയ്തു. സംസ്ഥാനത്ത് വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ ശക്തമായ പ്രചാരണ പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരേണ്ടെന്ന നിലപാടിലാണ് കോൺഗ്രസിൽ ഒരു വിഭാഗം. ഇതാണ് തർക്കം മൂർച്ഛിക്കാൻ കാരണമെന്നാണ് വിവരം.

നാശത്തിലേക്കാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിൻ്റെ പോക്കെന്നാണ് എംപി ജോതിമണിയുടെ വിമർശനം. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ ചില നേതാക്കളുടെ വ്യക്തിതാത്പര്യമാണ് പാർട്ടിയെ നയിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനത്തിലും വെള്ളം ചേർക്കുന്ന നിലപാട് ആശങ്കാജനകമാണ്. ജനത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിലൂടെ വാർത്തകളിൽ നിറയുകയാണ് കോൺഗ്രസ്. വർഗീയ, വിഘടന വാദ, അക്രമി സംഘങ്ങളിൽ നിന്ന് മുൻപില്ലാത്ത വിധം പാർട്ടി പ്രവർത്തകർ വെല്ലുവിളി നേരിടുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു.

തൊട്ടുപിന്നാലെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപെരുന്തഗൈക്കെതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് എപി സൂര്യപ്രകാശം രാജിവച്ചത്. ഡിഎംകെയുടെ വക്താവിനെ പോലെയാണ് കോൺഗ്രസ് അധ്യക്ഷൻ സംസാരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ടിവികെയുമായി സഖ്യമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.