സുന്ദരാപുരം: കോയമ്പത്തൂരില്‍ സാമൂഹികപരിഷ്കർത്താവും യുക്തിവാദിയുമായ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പൂര്‍ണകായ പ്രതിമ കാവി നിറം പൂശിയ നിലയില്‍. വെള്ളിയാഴ്ചയാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സ്ഥലത്തേക്ക് ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പെരിയാറിന്‍റെ പ്രതിമയില്‍ കാവി നിറം ചാര്‍ത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ നേതാക്കളും സിപിഐ ജില്ലാ സെക്രട്ടറി വി എസ് സുന്ദരവും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് ഡിഎംകെ എംഎല്‍എ എന്‍ കാര്‍ത്തിക് പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രതിമ കഴുകി വൃത്തിയാക്കി. 1995ല്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയിലാണ് കാവി നിറം ചാര്‍ത്തിയത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. 

നേരത്തെ തമിഴ്നാട്ടില്‍ പെരിയാറിന്‍റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് യുവമോര്‍ച്ചയുടെ തമിഴ്നാട് നേതാവ് എസ് ജി സൂര്യ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. തമിഴ്നാട്ടില്‍ ബ്രാഹ്മണ്യത്തിന് എതിരെയും അനാചാരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ഇ വി രാമസ്വാമി എന്ന പെരിയാര്‍. 1879ല്‍ ജനിച്ച പെരിയാറിന്‍റെ ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.