ധന നിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം, റിസര്‍വ് ബാങ്ക് നിയമം, ആദായ നികുതി നിയമം എന്നിവയില്‍ ഭേദഗതി വരുത്തി 2017-ലാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ട് വന്നത്. 


ദില്ലി: തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പന കാലാവധി 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാനായി മാറ്റി. ബോണ്ടുകളുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഹണനയിലുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

ഡോ ജയ താക്കൂറാണ് ഹര്‍ജിക്കാരി. ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. ധന നിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം, റിസര്‍വ് ബാങ്ക് നിയമം, ആദായ നികുതി നിയമം എന്നിവയില്‍ ഭേദഗതി വരുത്തി 2017-ലാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ട് വന്നത്. ആയിരം, പതിനായിരം, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സമയ പരിധികളില്‍ എസ്ബിഐയുടെ തെരഞ്ഞെടുത്ത ശാഖകള്‍ വഴി വില്‍ക്കുക. ഇവ ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ 15 ദിവസത്തിനകം ബോണ്ടുകള്‍ ബാങ്കില്‍ സമര്‍പ്പിച്ച് പണമാക്കി മാറ്റണമെന്നാണ് വ്യവസ്ഥ.

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും തീരുമാനം റദ്ദാക്കാൻ കേന്ദ്രം തയ്യാറായില്ലായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ആര്‍ക്കുവേണമെങ്കിലും രാഷ്ട്രീയ പാര്‍ടികൾക്ക് സംഭാവന നൽകാം. സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. ഇതിന് നികുതി നൽകേണ്ടതില്ല. ഇതുവരെ തെരഞ്ഞെുപ്പ് ബോണ്ടുകളിലൂടെ ഏറ്റവും അധികം സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്.

2017 മുതൽ 2019 വര്‍ഷത്തിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികൾക്കുമായി 2760 കോടി രൂപ കിട്ടിയപ്പോൾ അതിൽ 1660 കോടിയും എത്തിയത് ബിജെപിയിലേക്കായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സൂതാര്യമല്ലെന്ന നിലപാടായിരുന്നു ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായിരുന്നത്. എന്നാൽ പിന്നീട് ഈ നിലപാട് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ അനുകൂലിച്ചു.