ദില്ലി: മദ്റസ വളപ്പില്‍ ക്ഷേത്രവും മുസ്ലിം പള്ളിയും നിര്‍മിക്കാനൊരുങ്ങി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി. മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അലിഗഢിലാണ് സല്‍മ അന്‍സാരിയുടെ നേതൃത്വത്തില്‍ മദ്റസ നടത്തുന്നത്. 

ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതിലൂടെ ഇന്ത്യയിലെ മറ്റ് മദ്റസകള്‍ക്ക് മാതൃകയാകുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനക്കായി പുറത്തുപോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. മദ്റയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ പൂര്‍ണമായും തനിക്കാണെന്നും അതുകൊണ്ടാണ് മദ്റസ വളപ്പില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സമീപ ദിവസങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുകയും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനായി ഒരേ കോമ്പൗണ്ടില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സല്‍മ അന്‍സാരി ആവശ്യപ്പെട്ടു.