Asianet News MalayalamAsianet News Malayalam

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്തതിന് പിന്നിൽ ലോറൻസ്‌-ബിഷ്ണോയി സംഘം? 3 പേര്‍ കസ്റ്റഡിയിൽ

പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, ഇന്നലെ തന്നെ ഇവരുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു

Salman Khan home attack case three in custody
Author
First Published Apr 15, 2024, 7:31 AM IST | Last Updated Apr 15, 2024, 7:31 AM IST

മുംബൈ: സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം. വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ പ്രതികൾ സംഭവത്തിന്‌ പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോൾ അറിയുന്നത്.

പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, ഇന്നലെ തന്നെ ഇവരുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തു . സംഭവ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിർമ്മിത തോക്കാണ് അക്രമികൾ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ പോലീസ് മൗനം തുടരുകയാണ്. അൻമോൽ ബിഷ്‌ണോയ് എന്ന ഐഡിയിൽ നിന്നും വന്ന ഫേസ്ബുക്ക്‌ പോസ്റ്റിന്റെ ആധികാരികതയാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സൽമാൻ ഖാന് നേരെ എത്തിയിരുന്നു. നിലവിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന താരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ സൽമാന്റെ വസതിയിൽ എത്തിയ രാജ് തക്കാറെയും ഫോണിൽ വിളിച്ച മുഖ്യമന്ത്രി ഏക് നാഥ്‌ ഷിൻഡെയും താരത്തിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങൾ സർക്കാരിന്റെ പരാജയമെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. അക്രമികൾക്കായി മുംബൈ പൊലീസ് തിരച്ചിൽ തുടരുകയാണ്. 
 

 

Latest Videos
Follow Us:
Download App:
  • android
  • ios