2014ൽ മോദി നൽകിയ വാഗ്ദാനങ്ങൾ എല്ലാം അതേ പോലെ കിടക്കുകയാണെന്നും അവ നടപ്പിൽ വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും പിത്രോഡ കുറ്റപ്പെടുത്തി.
അമൃത്സർ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ബിജെപി അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് സാം പിത്രോഡ. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത തന്നെ പോലെയുള്ളവർക്ക് ഇത്തരം പ്രസ്താവനകൾ വളരെ വിഷമം ഉണ്ടാക്കിയെന്നും പിത്രോഡ പറഞ്ഞു. പഞ്ചാബിലെ അമൃത്സറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാം പിത്രോഡ.
ജനാധിപത്യം, സ്വാതന്ത്ര്യം, വൈവിധ്യം എന്നിവയ്ക്കെതിരായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് നിരന്തരം കള്ളം പ്രചരിപ്പിച്ചുവെന്നും സാം പിത്രോഡ പറഞ്ഞു. 2014ൽ മോദി നൽകിയ വാഗ്ദാനങ്ങൾ എല്ലാം അതേ പോലെ കിടക്കുകയാണെന്നും അവ നടപ്പിൽ വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും പിത്രോഡ കുറ്റപ്പെടുത്തി.
ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മോദി പറഞ്ഞത്. ഇതോടെ നിരവധി പേരാണ് മോദിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
"താങ്കളുടെ പിതാവ് മുഖസ്‌തുതിക്കാര്‍ക്ക് മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." എന്നായിരുന്നു മോദിയുടെ പരാമർശം. രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
വിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോൺഗ്രസ് എംപി സുഷ്മിത ദേവാണ് ഹർജി നൽകിയത്. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
