'നെഹ്റു ഓഗസ്റ്റ് 14 -ന് സ്വീകരിച്ച അതേ ചെങ്കോൽ'; പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ആ ചെങ്കോലിനെ കുറിച്ച്...!
പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി മോദി ചരിത്രപരവും പവിത്രവുമായ "ചെങ്കോൽ" ഉദ്ഘാടനവേളയിൽ സ്ഥാപിക്കും
ചിത്രങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയ വീഡിയോയിൽ നിന്ന്

ദില്ലി: ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്ന ചെങ്കോലിനെ കുറിച്ച് വിശദീകരിച്ച് ആഭ്യമന്തര മന്ത്രി അമിത് ഷാ. പാർലമെന്റ് ഉദ്ഘാടന വേളയിൽ ചരിത്രം ആവർത്തിക്കപ്പെടാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീതിയുക്തവും നിഷ്പക്ഷവുമായ ഭരണത്തിന്റെ വിശുദ്ധ ചിഹ്നമായ ചെങ്കോൽ സ്വീകരിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഓഗസ്റ്റ് 14ന് രാത്രി അദ്ദേഹത്തിന്റെ വസതിയിൽ നിരവധി നേതാക്കളുടെ സാന്നിധ്യത്തിൽ സ്വീകരിച്ച അതേ ചെങ്കോലാണിതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ചെങ്കോലിനെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റും ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യവേളയിൽ നടന്ന കാര്യങ്ങൾ അനുസ്മരിച്ച് അമിത് ഷാ പറഞ്ഞതിങ്ങനെ: 'സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും, പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് ചെങ്കോൽ കൈമാറിയതിലൂടെ ഇന്ത്യയുടെ അധികാരക്കൈമാറ്റം നടന്ന ഈ സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും അറിയില്ല. 1947 ഓഗസ്റ്റ് 14 -ന് രാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സവിശേഷ അവസരമായിരുന്നു അത്. അന്നേദിവസം രാത്രി ജവഹർലാൽ നെഹ്രു തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനത്തിൽ (മഠം) നിന്ന് ചടങ്ങിനായി പ്രത്യേകം എത്തിയ അധീനമാരിൽനിന്ന് (പുരോഹിതർ) 'ചെങ്കോൽ' സ്വീകരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ കൈകളിലേക്ക് അധികാരം കൈമാറിയ നിമിഷമായിരുന്നു അത്. നാം സ്വാതന്ത്ര്യമായി ആഘോഷിക്കുന്നത് യഥാർഥത്തിൽ അടയാളപ്പെടുത്തുന്നത് 'ചെങ്കോൽ' കൈമാറുന്ന നിമിഷമാണ്.'
'ന്യായ'ത്തിന്റെ കാഴ്ചക്കാരനായി വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള നന്ദിയെ, ചെങ്കോലിനു മുകളിൽ കൈകൊണ്ട് കൊത്തിവച്ചിരിക്കുന്നു. ഏറ്റവും പ്രധാനമായി, ചെങ്കോൽ സ്വീകരിക്കുന്നയാളിന് നീതിപൂർവം ഭരിക്കാനുള്ള 'ക്രമം' (തമിഴിൽ 'ആണൈ') ഉണ്ട്. ഇതാണ് ഏറ്റവും ആകർഷണീയം. ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ ഇത് ഒരിക്കലും മറക്കരുത്.' 1947-ലെ അതേ ചെങ്കോൽ, ലോക്‌സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി സ്ഥാപിക്കും. ഇത് രാജ്യത്തിന് കാണുന്നതിനായി പ്രദർശിപ്പിക്കുകയും പ്രത്യേക അവസരങ്ങളിൽ പുറത്തെടുക്കുകയും ചെയ്യും. ചരിത്രപ്രസിദ്ധമായ "ചെങ്കോൽ" സ്ഥാപിക്കാൻ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പാർലമെന്റ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു. '
'ഇന്ത്യയിലെ ജനങ്ങൾ ഇത് കാണണമെന്നും ഈ ചരിത്ര സംഭവത്തെക്കുറിച്ച് അറിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് എല്ലാവർക്കും അഭിമാനകരമായ കാര്യമാണ്.' ചെങ്കോലിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഡൗൺലോഡ് ചെയ്യാവുന്ന വീഡിയോകളും അടങ്ങിയ പ്രത്യേക വെബ്‌സൈറ്റ് (sengol1947.ignca.gov.in) ഉദ്ഘാടനം ചെയ്തുകൊണ്ട് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സാംസ്‌കാരിക - വിനോദസഞ്ചാര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ - യുവജനകാര്യ - കായിക മന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂർ, സാംസ്കാരിക സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.