ജിലേബിയും സമൂസയും പുകവലി പോലെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
നാഗ്പൂർ: ജിലേബിയും സമൂസയും പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വിൽപ്പന നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകുന്ന ബോര്‍ഡുകൾ സ്ഥാപിക്കാൻ എയിംസ് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ജങ്ക് ഫുഡിനെ പുകയില പോലെ കാണുന്നതിനുള്ള ആദ്യപടിയാണിതെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സാധാരണ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അപകടവും വ്യക്തമാക്കുന്ന ആകർഷകമായ പോസ്റ്ററുകൾ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്.
പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് സർക്കാർ സ്ഥാപനങ്ങളി ഈ ബോർഡുകൾ ലക്ഷ്യമിടുന്നത്. ലഡു, വട പാവ്, പക്കോറ തുടങ്ങിയവ എല്ലാം ഇനി ഈ പരിശോധനയ്ക്ക് വിധേയമാകും. എയിംസ് നാഗ്പൂർ അധികൃതർ മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്.
കാന്റീനുകളിലും പൊതു സ്ഥലങ്ങളിലും ഉടൻതന്നെ ഈ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കും. ഭക്ഷണ ലേബലിംഗ് സിഗരറ്റ് മുന്നറിയിപ്പുകൾ പോലെ ഗൗരവകരമാക്കുന്നതിന്റെ തുടക്കമാണിതെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു. പഞ്ചസാരയും ട്രാൻസ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകൾക്ക് അവർ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള് അവകാശമുണ്ട്.
രാജ്യത്തെ ജനങ്ങളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് സർക്കാര്‍ ശ്രദ്ധ ക്ഷണിക്കുന്നത്. 2050-ഓടെ 44.9 കോടിയിലധികം ഇന്ത്യക്കാർക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കിൽ ഇന്ത്യയെ ഇക്കാര്യത്തിൽ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കും. നിലവിൽ, നഗരങ്ങൽ അഞ്ച് മുതിർന്നവരിൽ ഒരാൾക്ക് അമിതഭാരമുണ്ട്. മോശം ഭക്ഷണക്രമവും കുറഞ്ഞ ശാരീരിക രീതികളും കാരണം കുട്ടികളിലും പൊണ്ണത്തടി വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്.
ഇത് ഭക്ഷണ നിരോധനമല്ലെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യമുള്ള അവബോധം സൃഷ്ടിക്കലാണെന്നും മുതിർന്ന ഡയബറ്റോളജിസ്റ്റ് സുനിൽ ഗുപ്ത പ്രതികരിച്ചു. ഒരു ഗുലാബ് ജാമുനിൽ അഞ്ച് ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആളുകൾ അറിയുമ്പോൾ, അവർ വീണ്ടും അത് കഴിക്കുന്നതിന് മുമ്പ് ഒരുപക്ഷേ രണ്ടുതവണ ആലോചിക്കും. പ്രമേഹം, ഹൃദയ രോഗങ്ങൾ, രക്തസമ്മർദ്ദം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്കെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇതിനെ കാണുന്നത്.
ഈ രോഗങ്ങളിൽ പലതും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടതാണ്. നിരോധനങ്ങളിലൂടെയല്ല, മറിച്ച് ബോധവൽക്കരണത്തിലൂടെയാണ് ഇത്തരം കാര്യങ്ങൾ വിജയിക്കുക. ‘ബുദ്ധിപൂർവ്വം ഭക്ഷണം കഴിക്കുക, നിങ്ങളോട് ഭാവിയിലെ നിങ്ങൾ തന്നെ നന്ദി പറയും’ എന്ന് ഓര്‍മിപ്പിക്കുന്ന ബോര്‍ഡുകൾ ജനങ്ങളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
