വിനീത് ജൻഡലെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ദില്ലി: സനാതന ധർമ്മ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡി എം കെ നേതാവ് എ രാജക്കും എതിരെ സുപ്രീം കോടതിയിൽ ഹർജി. ഇരുവരും വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ഹർജി. വിനീത് ജൻഡലെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അമിത് ഷാ തയ്യാറുണ്ടോ? ഡിഎംകെ തയ്യാർ, സനാതന ധർമത്തിൽ പരസ്യ സംവാദത്തിന് ബിജെപിയെ വെല്ലുവിളിച്ച് എ രാജ

അതേസമയം സനാതന ധര്‍മ്മ വിവാദമുയർത്തിയ മകൻ ഉദയനിധി സ്റ്റാലിന്‍റെ പരാമർശത്തോട് ഉദയനിധിയുടെ അച്ഛനും തമിഴ് നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ഇന്ന് ആദ്യ പ്രതികരണം നടത്തി. ഉദയനിധിക്ക് മറുപടി നല്‍കണമെന്ന മോദിയുടെ നിര്‍ദേശം നിരാശാജനകമാണെന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം ബോധപൂര്‍വമോ കാര്യങ്ങള്‍ അറിയാതെയോയാണ്. മോദിയുടേത് രാഷ്ട്രീയ ഗിമ്മിക്കാണെന്നും സ്റ്റാലിന്‍ പറഞ്ഞു. വംശഹത്യ എന്ന വാക്ക് ഉദയനിധി ഒരിടത്തും പറഞ്ഞിട്ടില്ല. വിഷയത്തില്‍ ഉദയനിധി വിശദീകരിച്ചിട്ടും നുണപ്രചാരണം നിര്‍ത്തുന്നില്ല. സനാതനധര്‍മത്തിലെ ജാതി വിവേചനം ഇവര്‍ക്ക് പ്രശ്‌നമല്ല. ചന്ദ്രയാന്റെ കാലത്തും ഇവര്‍ക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കണം. ഇവര്‍ എങ്ങനെ ദളിതരെ സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ ചോദിച്ചു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നിലപാടെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബി ജെ പിക്ക് കഴിയില്ലെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

അതിനിടെ സനാതന ധർമ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ഈ ആവശ്യം മുൻനിർത്തി ബി ജെ പി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് കത്ത് നല്‍കുകയും ചെയ്തു.തമിഴ് നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിനെ പുറത്താക്കണമെന്നും ബി ജെ പി നേതാക്കൾ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം