1987ൽ ചൈനയ്ക്കെതിരെ സുന്ദർജിയുടെ നേതൃത്വത്തിൽ നടന്ന നീക്കം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തടഞ്ഞതിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പാണ് സഞ്ജയ് ചതുർവേദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതിർത്തി തർക്കം സംബന്ധിച്ചുള്ള ഇന്ത്യ ചൈന കമാൻഡർതല ചർച്ച ഇന്ന് നടന്നിരുന്നു. ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള 18ാം റൗണ്ട് ചർച്ചയാണ് നടന്നത്. ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയിൽ എത്താനിരിക്കെയാണ് ചർച്ച നടന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യാ ചൈന തർക്കത്തെ സംബന്ധിച്ചും മുൻ കരസേനാ മേധാവി കൃഷ്ണസ്വാമി സുന്ദർജിയെക്കുറിച്ചുമുള്ള സഞ്ജയ് ചതുർവേദിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. 1987ൽ ചൈനയ്ക്കെതിരെ സുന്ദർജിയുടെ നേതൃത്വത്തിൽ നടന്ന നീക്കം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തടഞ്ഞതിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പാണ് സഞ്ജയ് ചതുർവേദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിന്റെ പരിഭാഷ വായിക്കാം....
1986 ലെ വേനൽക്കാലമായിരുന്നു അത്. ഇന്ത്യയിൽ ജീവിതം സാധാരണപോലെ കടന്നുപോകുകയായിരുന്നു. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷമുണ്ടായ സഹതാപതരംഗം വോട്ടുകളായതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധി 2 വർഷം പ്രധാനമന്ത്രിയായിരുന്നത്, രാജ്യത്തിന്റെ മുഴുവൻ രാഷ്ട്രീയ സാഹചര്യങ്ങളിലും കോൺഗ്രസ് ആധിപത്യം സ്ഥാപിച്ച അവസ്ഥയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളുടെ സ്തംഭനാവസ്ഥയ്ക്ക് ശേഷം സമ്പദ്‌വ്യവസ്ഥ 5% വളർച്ച കൈവരിക്കാൻ തുടങ്ങി. രാജ്യത്തെ അന്തരീക്ഷം ആവേശഭരിതമായിരുന്നു. ദില്ലിയിലെ റെയ്‌സിന ഇടനാഴിയിൽ രാഷ്ട്രീയക്കാർ അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയായിരുന്നു (ബോഫോഴ്‌സ് അഴിമതികൾ പൊട്ടിപ്പുറപ്പെടുന്നതിനും രാജീവ് ഗാന്ധി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിനും മുമ്പുള്ള സമയമായിരുന്നു ഇത്).
അങ്ങനെയിരിക്കെ, 1986 മെയ് 2ന് രാവിലെ ദില്ലിയിലെ സൈനിക ആസ്ഥാനമായ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലേക്ക് ഒരു ഫോൺകോൾ വന്നു. അത് ഒരു സാധാരണ ഫോൺ കോളായിരുന്നില്ല. അരുണാചൽ പ്രദേശിലെ ഇന്ത്യൻ പ്രദേശം ചൈന കൈയടക്കിയിട്ടുണ്ടെന്നും 1962ൽ നടന്നതുപോലുള്ള ഒരു യുദ്ധത്തിന് അവർ തയ്യാറെടുക്കുകയാണെന്നും സൈനിക ആസ്ഥാനത്തെ അറിയിക്കാൻ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ (ഐബി) നേരിട്ട് വിളിച്ചതാണ്. ജനറൽ കൃഷ്ണസ്വാമി സുന്ദർജി ആണ് അന്നത്തെ കരസേനാ മേധാവി.
പാരമ്പര്യ രീതികൾ പിന്തുടരാത്ത സൈനിക മേധാവിയായിരുന്നു സുന്ദർജി. ഒന്നാം തലമുറ ആർമി ഓഫീസർ, ഫിസിക്‌സ് പ്രൊഫസറുടെ മകനും കണക്ക് അധ്യാപകനുമായ അദ്ദേഹം ഒരു തമിഴ് ബ്രാഹ്മണനായിരുന്നു. താൻ ഒരു ധീരനാണെന്ന് അച്ഛന് മുമ്പിൽ തെളിയിക്കാൻ വേണ്ടി മാത്രം എംബിബിഎസിനു പകരം സൈന്യത്തിൽ ചേർന്നതാണ് അദ്ദേഹം. ചിന്തകൻ, ബുദ്ധിജീവി എന്നീ നിലകളിൽ അദ്ദേഹം സൈന്യത്തിൽ പ്രശസ്തി നേടുകയും ചെയ്തു. ചൈനയുടെ നീക്കം അറിഞ്ഞ ഉടൻ അദ്ദേഹം നടപടിയെടുക്കാൻ സന്നദ്ധനായി. ചൈനക്കാർ അരുണാചൽ പ്രദേശിലെ തിയാഗ് ലാ പർവതനിരയിലിരുന്ന് തവാങ്ങിനെ നിരീക്ഷിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻവാങ്ങണമെന്നും ദക്ഷിണ ടിബറ്റെന്ന് അവകാശപ്പെടുന്ന അരുണാചൽ പ്രദേശ് ചൈനയ്ക്ക് കൈമാറണമെന്നും ചൈന ആവശ്യപ്പെട്ടു.
സുന്ദർജിയുടെ അഭിപ്രായത്തിൽ ഈ ആവശ്യം അപഹാസ്യമായ ഒന്നായിരുന്നു. മേജർ ജനറൽ ജെ എം സിങ്ങിന്റെ കീഴിലുള്ള 17-ാമത് മൗണ്ടൻ ഡിവിഷനെ അദ്ദേഹം ഉടൻ തന്നെ അരുണാചൽ പ്രദേശിലേക്ക് അയച്ചു. 4 മാസത്തേക്ക്, ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നേർക്കുനേരെ നിന്നു. ദില്ലിയിലെ സർക്കാർ പരിഭ്രാന്തരായി. തങ്ങളുടെ സൈനികരെ വിന്യസിക്കാനും നിലനിർത്താനും ഇന്ത്യയ്ക്ക് റോഡുകളില്ലെന്ന് അറിയാമായിരുന്നതിനാൽ ചൈനക്കാർ ഇന്ത്യൻ നീക്കത്തെ വിഡ്ഢിത്തം എന്ന് വിളിക്കുമെന്ന് ഉറപ്പായിരുന്നു.
ശൈത്യകാലമായി, ദില്ലിയിലെ രാഷ്ട്രീയക്കാർ പരിഭ്രാന്തരായി. റോഡുകൾ ഇല്ലാത്തതിനാൽ, ഇന്ത്യൻ സൈന്യത്തിന് അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ കോവർകഴുതകളെ ഉപയോഗിച്ചിരുന്നു. മേജർ ജനറൽ ജെഎം സിംഗ് പറയുന്നതനുസരിച്ച്, അന്ന് ചൈനക്കാർക്ക് കാലാവസ്ഥയും റോഡുകളുമടക്കം എല്ലാ ഘടകങ്ങളും അനുയോജ്യമായിരുന്നു. അരുണാചൽ പ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു. ശൈത്യകാലം കഴിഞ്ഞതോടെ ഇന്ത്യയെ പാഠം പഠിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു ചൈന.
അതിശയകരമായ വസ്തുത എന്താണെന്ന് വച്ചാൽ, അഭിമുഖങ്ങൾ നൽകാൻ തയ്യാറാകാതെ ആ മാസങ്ങളിൽ സുന്ദർജി പൂർണ്ണമായും നിശബ്ദനായിരുന്നു എന്നതാണ്. 6 മാസമായി, സൈനികരെ അണിനിരത്താനും ചൈനക്കാരെ ഒരു പാഠം പഠിപ്പിക്കാനുമുള്ള പദ്ധതിയിൽ അദ്ദേഹം കർമനിരതനായിരുന്നു.
1987 ലെ വസന്തകാലമെത്തി. അപ്പോഴും സംഘർഷം തുടരുകയായിരുന്നു. അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. അപ്പോഴായിരുന്നു സുന്ദർജിയുടെ നിർണായകമായ ആദ്യ നീക്കം. പുതിയ എംഐ-17 റഷ്യൻ ഹെലികോപ്റ്ററുകളും പഴയ എംഐ-8 വിമാനങ്ങളും ഉപയോഗിച്ച് അദ്ദേഹം 3 ബ്രിഗേഡുകളെ (10,000 സൈനികരെ) ഒറ്റരാത്രികൊണ്ട് വിമാനത്തിൽ പറത്തി ചൈനയെ മറികടന്നു. അങ്ങനെ ഇന്ത്യൻ സൈനികർക്ക് പർവതത്തിന്റെ മുകളിൽ, ഉറപ്പുള്ള സ്ഥാനങ്ങളിൽ ഇരുന്നു താഴെയുള്ള ചൈനീസ് സൈനികരെ നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചു. മെഗാഫോണുകളും റേഡിയോകളും ഉപയോഗിച്ച് ഇന്ത്യൻ സൈനികർ ചൈനക്കാരെ അപമാനിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ മന്ദാരിൻ ഭാഷയിൽ പ്രക്ഷേപണം ചെയ്യുമായിരുന്നു. ചൈനയുടെ ലോജിസ്റ്റിക്‌സും വിതരണ ലൈനുകളും ക്രമേണ വിച്ഛേദിക്കപ്പെട്ടു. സ്ഥിതി വളരെ മോശമായിത്തീർന്നു. ചൈനീസ് സൈനികർ ആത്മഹത്യ ചെയ്യാൻ തുടങ്ങി. ഇതിൽ ചൈന പ്രകോപിതരായി.ബെയ്ജിംഗിലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ചൈനീസ് വിദേശകാര്യമന്ത്രി ഏറ്റവും മോശം ഭാഷയിൽ അധിക്ഷേപിച്ചു. ചൈനക്കാർ വീണ്ടും പ്രതികരിക്കുന്നതിന് മുമ്പ്, സുന്ദർജി വീണ്ടും തിരിച്ചടിച്ചു. അദ്ദേഹം ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള മറ്റൊരു സൈനികയൂണിറ്റിനെ അരുണാചൽ പ്രദേശിലേക്ക് മാറ്റുകയും അവരിലൂടെ നാംക ചു താഴ്വര കൈവശപ്പെടുത്തുകയും ചെയ്തു.
1962ൽ, ഇന്ത്യൻ സൈന്യത്തെ അവിടെ ചൈന അമ്പേ പരാജയപ്പെടുത്തുകയും നംക ചു താഴ്വര കൈവശപ്പെടുത്തുകയും ചെയ്തതാണ്. ഈ നാംക ചു താഴ്‌വര തിരിച്ചുപിടിക്കുക മാത്രമല്ല, ചൈനയെ ഭയപ്പെടുത്താനും 1987ൽ ഇന്ത്യക്ക് കഴിഞ്ഞു. 25 വർഷം കൊണ്ട് നേടിയ നേട്ടം വെറും 14 ദിവസം കൊണ്ട് ചൈനയ്ക്ക് നഷ്ടമായി.
രാജീവ് ഗാന്ധിയുടെ അറിവോടെയായിരുന്നില്ല ഇതൊന്നും നടന്നത്. കാര്യങ്ങളെക്കുറിച്ച് ഒരു സൂചന പോലും മുൻകൂറായി അദ്ദേഹത്തിന് ലഭിച്ചില്ല. സാഹചര്യത്തിന്റെ ഗൗരവം അറിഞ്ഞപ്പോൾ രാജീവ് ഗാന്ധിക്ക് ശാന്തത നഷ്ടപ്പെട്ടു. ജനറൽ സുന്ദർജിയെ പ്രധാനമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചു, ചൈനയെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, ടിബറ്റ് റിഡ്ജ് ലൈനിൽ ഏകദേശം 10,000 ചതുരശ്ര കിലോമീറ്റർ ആക്രമണം നടത്താൻ സൈന്യം തയ്യാറാണെന്ന് അദ്ദേഹം നിസ്സംഗനായി മറുപടി നൽകി. 1962ന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് പിൻവാങ്ങാൻ ചൈന നിർബന്ധിതമായെന്നും അദ്ദേഹം അറിയിച്ചു. സുന്ദർജി ഈ വാക്കുകൾ പറയുമ്പോൾ മുറിയിൽ നിശബ്ദതയായിരുന്നു. രാജീവ് ഗാന്ധി അമ്പരപ്പോടെ സുന്ദർജിയെ നോക്കി.
ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിക്ക് നട്ടെല്ല് ഇല്ലെന്ന തരത്തിലുള്ള ലജ്ജാകരമായ കാര്യങ്ങളാണ് പിന്നീടുണ്ടായത്. സുന്ദർജിയെ പ്രധാനമന്ത്രി ശാസിക്കുകയും നീക്കങ്ങളിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു, അത് അദ്ദേഹം മനസ്സില്ലാമനസ്സോടെ ചെയ്തു. ഇന്ത്യയ്ക്ക് ഒരു സുവർണ്ണാവസരം നഷ്‌ടപ്പെടുകയാണെന്നും ഭാവിയിൽ അതിനുള്ള വില രാജ്യം നൽകേണ്ടിവരുമെന്നും അദ്ദേഹം പ്രധാനമന്ത്രിയോടും പ്രതിരോധ മന്ത്രിയോടും പറഞ്ഞതായി അദ്ദേഹത്തിന്റെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജീവനക്കാർ ഓർക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, 2017 ൽ അത് സത്യമായി മാറി.
1987-ൽ രാജസ്ഥാൻ അതിർത്തിയിൽ 50000 സൈനികരെ ഉൾപ്പെടുത്തി ഒരു നീക്കം നടത്തി പാക് ജനറൽ സിയയെ ഭയപ്പെടുത്തിയതിനു പിന്നിലും സുന്ദർജിയുടെ തന്ത്രം ആയിരുന്നു. പാകിസ്ഥാൻ ആണവ രാഷ്ട്രമാകുന്നത് തടയണമെന്ന് തുറന്ന് വാദിക്കുകയും ആണവ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി വാദിക്കുകയും ചെയ്ത ആദ്യ കരസേനാ മേധാവിയായിരുന്നു സുന്ദർജി. വാസ്തവത്തിൽ, 1998-ലെ പൊഖ്‌റാൻ പരീക്ഷണങ്ങൾ 1988-ൽ അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
സുന്ദർജിയുടെ കഴിവിൽ ചൈനയ്ക്ക് മതിപ്പുണ്ടാവുകയും, വിരമിച്ച ശേഷം 1993ൽ അദ്ദേഹത്തെ ചൈന സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. ബീജിംഗിൽ, ചൈനീസ്യു സൈന്യത്തിന്റെ മാർഷൽ സുന്ദർജിയോട് എന്താണ് കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ജനറൽ മറുപടി പറഞ്ഞു, "ഒരു ഇന്ത്യക്കാരനെന്ന നിലയിൽ എനിക്ക് പീക്കിംഗ് സൂപ്പ് കുടിക്കാൻ ഇഷ്ടമാണ്" . ശത്രുരാജ്യങ്ങൾ പോലും പ്രകീർത്തിച്ചിട്ടും, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്‌ക്കെതിരെ നിലകൊണ്ടതിനാൽ മാത്രം കോൺഗ്രസ് അനുബന്ധ മാധ്യമങ്ങളും പത്രപ്രവർത്തകരും അപകീർത്തിപ്പെടുത്തുന്ന ഒരു വിവാദ വ്യക്തിയായി ജനറൽ സുന്ദർജി മാറിയെന്നതാണ് വിരോധാഭാസം.
*ചൈനയിലെ, പ്രത്യേകിച്ച് ചൈനയുടെ വടക്ക് ഭാഗത്ത്,പ്രശസ്തവും സാധാരണവുമായ സൂപ്പുകളിൽ ഒന്നാണ് പീക്കിംഗ് സൂപ്പ്. എരിവും പുളിയുമുള്ള രുചിയാണ് ഇതിനുള്ളത്. തണുപ്പുള്ള കാലാവസ്ഥയിൽ പുറത്തുനിന്നശേഷം ചൂടുപിടിക്കാൻ ശൈത്യകാലത്താണ് ഇത് കൂടുതലും കഴിക്കുന്നത്.
