സഞ്ജയ് ഗാന്ധി മുതൽ നിരവധി പ്രമുഖ നേതാക്കൾ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടു.

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദിലെ ആകാശ ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി വിജയ് രൂപാനിയുമുണ്ട്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചെന്നാണ് റിപ്പോർട്ട്. രാജ്യത്ത് വിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടത്തിൽപ്പെട്ട് മരിച്ചത് നിരവധി രാഷ്ട്രീയ നേതാക്കളാണ്. സഞ്ജയ് ഗാന്ധി മുതൽ വിജയ് രൂപാനി വരെ വിമാനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞ പ്രമുഖ നേതാക്കൾ ഇവരാണ്:

  • കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് വിമാനാപകടത്തിലാണ്. ഡൽഹി ഫ്ലൈയിങ് ക്ലബ്ബിന്‍റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. 1980 ജൂണ്‍ 23നാണ് സംഭവം.
  • മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മരണവും വിമാന അപകടത്തിലാണ്. 2001 സെപ്റ്റംബർ 30-ന് ഉത്തർപ്രദേശിലെ മെയിൻപുരിക്കടുത്ത് വയലിൽ മാധവറാവു സിന്ധ്യ സഞ്ചരിച്ച വിമാനം തകർന്നു വീഴുകയായിരുന്നു. നാല് മാധ്യമപ്രവർത്തകരടക്കം എട്ട് പേരാണ് അന്ന് മരിച്ചത്. കനത്ത മഴയെ തുടർന്ന് മോശം കാലാവസ്ഥയിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
  • ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി 2009 സെപ്റ്റംബർ 3-നാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ആന്ധ്രയിലെ ചിറ്റൂരിലെ ഗ്രാമങ്ങൾ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹം. മോശം കാലാവസ്ഥയിൽ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം. നല്ലമല വനത്തിലെ കുന്നിൻ മുകളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
  • ലോക്സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജിഎംസി ബാലയോഗി 2002 മാർച്ച് 3 ന് ആന്ധ്രാ പ്രദേശിൽ വച്ച് ഹെലികോപ്റ്റർ തകർന്നു മരിച്ചു. ബെൽ 206 ഹെലികോപ്റ്ററിന്‍റെ പൈലറ്റും ബാലയോഗിയുടെ സ്റ്റാഫും മരിച്ചു.
  • അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോർജി ഖണ്ഡു 2011 ഏപ്രിൽ 30 ന് സേല പാസിന് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
  • കോൺഗ്രസ് നേതാവായിരുന്ന എസ്. മോഹൻ കുമാരമംഗലം 1973 ൽ ദില്ലിക്ക് സമീപം വിമാനാപകടത്തിൽ മരിച്ചു.
  • ഹരിയാന മന്ത്രിമാരായിരുന്ന ഒപി ജിൻഡാലും സുരേന്ദ്ര സിങ്ങും 2005 ൽ ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.

Scroll to load tweet…

Scroll to load tweet…