പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയേതര പ്രസംഗങ്ങളെ പ്രശംസിച്ചും രാഷ്ട്രീയ പ്രസംഗങ്ങളെ വിമർശിച്ചും ശിവസേന എംപി സഞ്ജയ് റൗത്ത്. വിജയ് മല്യ വഞ്ചകനല്ലെന്നും ബിസിനസ് തകർന്നതിനാലാണ് രാജ്യം വിട്ടതെന്നും തന്റെ പുതിയ പുസ്തകത്തിൽ റൗത്ത് വ്യക്തമാക്കുന്നു.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയേതര പ്രസംഗങ്ങൾ മികച്ചതാണെന്ന് പ്രശംസിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എംപി സഞ്ജയ് റൗത്ത്. അയോധ്യയിൽ വെച്ച് ശ്രീരാമ ദർശനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇത്തരത്തിലുള്ള ഒന്നായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് ആഴമോ അർത്ഥമോ ഇല്ലെന്നും സഞ്ജയ് റൗത്ത് വിമർശിച്ചു.
അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ബോധ് കീർത്തൻ' എന്ന പുസ്തകത്തിലാണ് ഈ പരാമർശങ്ങളുള്ളത്. വ്യവസായി വിജയ് മല്യയെക്കുറിച്ചും പുസ്തകത്തിൽ സഞ്ജയ് റൗത്ത് പരാമർശിക്കുന്നുണ്ട്. വിജയ് മല്യ ഒരു വഞ്ചകനല്ലെന്നും, സ്വന്തം ബിസിനസ് തകർന്നതോടെയാണ് മല്യ രാജ്യം വിട്ടതെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നു.






