ന്യായാധിപന്മാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്ക് പോലീസ് അനുമതി നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിമാരെ അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടായാൽ യോഗങ്ങൾ ഉടൻ നിർത്തിവെപ്പിക്കാനും സംഘാടകർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.

ചെന്നൈ: ന്യായാധിപന്മാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്ക് പൊലീസ് അനുമതി നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. അനുമതി നൽകുന്ന യോഗങ്ങൾ പൊലീസ് കൃത്യമായി നിരീക്ഷിക്കണം. യോഗങ്ങളിൽ വെച്ച് ജഡ്ജിമാരെ അവഹേളിക്കുന്ന തരത്തിൽ പരാമർശങ്ങളുണ്ടായാൽ പരിപാടി ഉടൻ തന്നെ നിർത്തിവെപ്പിക്കണമെന്നും, സംഘടകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കോടതി പൊലീസിന് നിർദ്ദേശം നൽകി.

ചെന്നൈ സ്വദേശിയായ കാർത്തികേയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ വിവിധ മുസ്ലീം സംഘടനകൾ സംഘടിപ്പിച്ച യോഗങ്ങളിൽ ഉയർന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാർത്തികേയൻ കോടതിയെ സമീപിച്ചത്.