ദില്ലി: ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കുടുംബത്തിനെഴുതിയ വികാരനിര്‍ഭരമായ കത്ത് പുറത്തുവിട്ട് ഭാര്യ ശ്വേതാ ഭട്ട്. ഭാര്യയ്ക്കും മക്കള്‍ക്കും സഞ്ജീവ് ഭട്ട് എഴുതിയ കത്താണ് അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഭാര്യ പുറത്തുവിട്ടിരിക്കുന്നത്. 

ഇരുട്ടിന്‍റെ ഹൃദയം (the heart of darkness) എന്നാണ് അദ്ദേഹം കത്തില്‍ സംബോധന ചെയ്തിരിക്കുന്നത്. കുടുംബത്തിന് നന്ദി പറയുന്നതാണ് സ്വന്തം കൈപ്പടയില്‍ അദ്ദേഹം എഴുതിയ കത്ത്. ''ഇന്ന് ഞാന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ എല്ലാത്തിനും കാരണം നീയാണ്. എന്‍റെ കരുത്തും പ്രചോദനവും നീയാണ്. അസാധാരണകള്‍ക്കെതിരെ കത്തുന്ന എന്നിലെ ആദര്‍ശത്തിന്‍റെയും അഭിനിവേശത്തിന്‍റെയും ചൂളയിലെ ഇന്ധനവും നീയാണ് ''- സജ്ഞീവ് ഭട്ട് ശ്വേതയ്ക്ക് എഴുതി. 

''അവസാനത്തെ കുറച്ചുവര്‍ഷങ്ങളായി നിനക്കും മക്കള്‍ക്കും സുഖകരല്ല. എന്‍റെ തീരുമാനങ്ങളുടെ വില നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. സ്നേഹംകൊണ്ട് നിര്‍മ്മിച്ച തങ്ങളുടെ വീടിന്‍റെ ഒരു ഭാഗം ഇടിച്ചുനിരത്തിയത് നിസഹായനായി നോക്കി നില്‍ക്കേണ്ടി വന്നതില്‍ ശ്വേതയോട് സഞ്ജീവ് മാപ്പ് ചോദിക്കുന്നുണ്ട് കത്തില്‍. 

അനധികൃത നിര്‍മ്മാണമെന്ന് വിധിച്ച്, കഴിഞ്ഞ വര്‍ഷം സജ്ഞീവ് ഭട്ടിന്‍റെ വീടിന്‍റെ ഒരു ഭാഗം അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേന്‍ ഇടിച്ചുനിരത്തിയിരുന്നു.

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തിൽ അരങ്ങേറിയ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാള്‍ ജയില്‍മോചിതനായതിന് പിന്നാലെ മരിച്ച കേസിലാണ് സഞ്ജീവ് ഭട്ടിന് ജയിൽ ശിക്ഷ വിധിച്ചത്.

ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് പ്രഭുദാസ് മരിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ 11 സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സഞ്ജീവ് ഭട്ടിന് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.