ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതെ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി. നടി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴി‍ഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി നടിയുടെ വൈദ്യ പരിശോധന നടത്താനായി ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് സഞ്ജന തട്ടിക്കയറിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, ആരെയെങ്കിലും ഫോൺ ചെയ്‍തതുകൊണ്ട് താന്‍ കുറ്റക്കാരി ആകില്ലെന്നുമാണ് സഞ്ജന പറയുന്നത്.

കോടതിയുടെ നിർദേശ പ്രകാരമാണ് നടപടിയെന്ന് അഭിഭാഷകന്‍ നേരിട്ട് വന്ന് അറിയിച്ചതിനു ശേഷമാണ് നടി ഉദ്യോഗസ്ഥരോട് സഹകരിച്ചത്. കേസില്‍ സിസിബിയുടെ അറസ്റ്റ് തുടരുകയാണ്. ഇന്ന് രണ്ടുപേർ പിടിയിലായി. ലഹരി കടത്തു സംഘത്തിലെ കണ്ണിയായ പ്രതീക് ഷെട്ടിയും, നഗരത്തില്‍ ഉന്നതരെ പങ്കെടുപ്പിച്ച് ഡ്രഗ് പാ‍ർട്ടികൾ നടത്തിയ വിരേന്‍ ഖന്നയുടെ കൂട്ടാളി ആദിത്യ അഗർവാളുമാണ് പിടിയിലായത്. ഹരിയാന സ്വദേശിയായ ആദിത്യ അഗർവാളിന്‍റെ വീട്ടിലും സിസിബി റെയ്ഡ് നടത്തി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി.

അതേസമയം മയക്കുമരുന്ന് മാഫിയക്കെതിരായ സിസിബിയുടെ അന്വേഷണത്തിന്‍റെ വിവരങ്ങൾ ഉദ്യോഗസ്ഥർക്കിടയില്‍ നിന്നുതന്നെ ചോർന്നതായി കണ്ടെത്തി. അറസ്റ്റിലായവർ രണ്ടുമാസം മുന്‍പ് പരസ്‍പരമയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ സിസിബിയുടെ പരിശോധനയെകുറിച്ച് വിവരങ്ങൾ ചോർന്നുകിട്ടിയെന്ന് പറയുന്നുണ്ട്. സിസിബി കോടതിയിലും ഇക്കോര്യം അറിയിച്ചു. ചില ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന. സിനിമാ രാഷ്ട്രീയ മേഖലയില്‍ മാത്രല്ല പോലീസ് ഉദ്യോഗസ്ഥർക്കിടിയിലും ലഹരിമാഫിയയക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നും ഇതോടെ വ്യക്തമായി.

"