പൊലീസ് സ്റ്റേഷനിലേക്ക് കൊറിയറില്‍ എത്തിയത് രണ്ട് ലക്ഷം രൂപയുടെ സാരികള്‍; സര്‍പ്രൈസ് പൊളിച്ച് ഒരു ഫോണ്‍ കോളും
ഇരുപതിനായിരത്തിന് മുകളില്‍ വിലയുള്ള സാരികളാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയ കൊറിയറില്‍ ഉണ്ടായിരുന്നത്. ആരെങ്കിലും ദീപാവലി സമ്മാനം അയച്ചതാണോ എന്ന് പോലും ഒരുവേള ചിന്തിച്ചു.

ചെന്നൈ: ചെന്നൈയിലെ ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം എത്തിയ കൊറിയറില്‍ ഉണ്ടായിരുന്നത് രണ്ട് ലക്ഷം രൂപയിലധികം വില വരുന്ന സാരികള്‍. ഓരോന്നിന് 20,000 മുതല്‍ 70,000 രൂപ വരെ വിലവരുന്ന സാരികള്‍ ആരാണ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചതെന്നറിയാതെ കുഴഞ്ഞ പൊലീസുകാര്‍ ഇനി ആരെങ്കിലും ദിപാവലി സമ്മാനം അയച്ചതാണോ എന്നു പോലും ചിന്തിച്ചു. എന്നാല്‍ അന്ന് തന്നെ നാടകീയമായി ആന്ധ്രാപ്രദേശിലെ വിജയവാഡ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോളുമെത്തി. ചെന്നൈയിലെ ഒരു കടയില്‍ നിന്ന് കഴിഞ്ഞ മാസം മോഷ്ടിക്കപ്പെട്ട സാരികളാണത്രെ ഈ കൊറിയറില്‍ വന്നതെല്ലാം.
ഒക്ടോബര്‍ 28നാണ് ചെന്നൈ ബസന്ത് നഗറിലെ ഒരു തുണിക്കടയില്‍ മോഷണം നടന്നത്. സാരികള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ ഏഴ് സ്ത്രീകളായിരുന്നു ഇത് ചെയ്തതെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ദീപാവലിയോടനുബന്ധിച്ച് കാഞ്ചീപുരം പട്ട് സാരികളുടെ പ്രത്യേക പ്രദര്‍ശനവും വില്‍പനയും ഇവിടെ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് ഏഴ് സ്ത്രീകള്‍ അടങ്ങുന്ന സംഘം കടയിലെത്തിയത്. ഇവര്‍ കടയുടെ പല ഭാഗത്തായി നിന്ന് സാരികള്‍ പരിശോധിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ തിരക്കിലായി.
Read also: ഹോട്ടൽ മുറിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; അന്വേഷണമാരംഭിച്ച് പൊലീസ്
പിന്നീട് മൂന്ന് പേര്‍ ഒരു സ്ഥലത്ത് സാരികള്‍ കൂട്ടിവെച്ചിരിക്കുന്നതിന് മുന്നില്‍ നിന്ന ശേഷം ഒരാള്‍ സാരികള്‍ എടുത്ത് താന്‍ ഉടുത്തിരുന്ന സാരിയുടെ അകത്തേക്ക് വെച്ച് ഒളിപ്പിച്ചു. സാരിക്കുള്ളില്‍ ഇതിനായി ഇവര്‍ പ്രത്യേകം അറകള്‍ സജ്ജമാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന സാരികള്‍ ഇങ്ങനെ ഏതാനും മിനിറ്റുകള്‍ കൊണ്ട് കവര്‍ന്ന ശേഷം എല്ലാവരും കടയില്‍ നിന്ന് ഇറങ്ങിപ്പോയി. ആകെ പത്ത് മിനിറ്റ് മാത്രമാണ് ഇവര്‍ കടയില്‍ ചെലവഴിച്ചത്.
ഈ സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇവര്‍ ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള സംഘമാണെന്ന സൂചന തമിഴ്നാട് പൊലീസിന് ലഭിച്ചു. ഇക്കാര്യം വിജയവാഡ പൊലീസിനെ തമിഴ്നാട് പൊലീസ് അറിയിക്കുകയും ചെയ്തു.
ആന്ധ്രാ പൊലീസ് ഇവരുടെ ഗ്രാമത്തില്‍ പോയി അന്വേഷിച്ചപ്പോഴാണ് പിടിക്കപ്പെടുമെന്ന് ഭയന്ന സംഘം സാരികളെല്ലാം പൊലീസ് സ്റ്റേഷനിലേക്ക് കൊറിയറായി അയച്ചു കൊടുത്തത്. കേസ് ഒഴിവാക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാല്‍ ഇവരെ വിടാന്‍ ഉദ്ദേശമില്ലെന്ന് ചെന്നൈ പൊലീസ് അറിയിച്ചിട്ടുണ്ട്. ദിപാവലിക്ക് ശേഷം ഗ്രാമത്തിലെത്തി ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഉത്സവങ്ങള്‍ നടക്കുന്ന സമയത്ത് സംഘങ്ങളായി യാത്ര ചെയ്ത് മോഷണം നടത്തുന്നവരാണ് ഇവരെന്ന് വിജയവാഡ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെയും പല സ്ഥാപനങ്ങളില്‍ നിന്ന് ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.