Asianet News MalayalamAsianet News Malayalam

ശശികലയുടെ മോചനം ഉടൻ? ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ജയിൽ അധികൃതർ

നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷനൽകിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ പറയുന്നു.

Sasikala to be released from jail soon final decision soon says jail authorities
Author
Chennai, First Published Dec 3, 2020, 11:04 AM IST

ചെന്നൈ: ശശികലയുടെ ജയിൽ മോചനം ഉടനുണ്ടാകുമെന്ന് അഭിഭാഷകൻ. ശിക്ഷായിളവ് പരി​ഗണിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും പരപ്പന അഗ്രഹാര ജയിൽ അധികൃത‌‌ർ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷനൽകിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ പറയുന്നു.

ശിക്ഷായിളവ് ജയിൽ അധികൃതർ അംഗീകരിച്ചെന്നും ഉടൻ ഉത്തരവ് പുറത്തിറക്കുമെന്നുമാണ് ശശികലയുടെ അഭിഭാഷകൻ്റെ പ്രതികരണം. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് വി കെ ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചിരുന്നു. 

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബംഗ്ലൂരു സിറ്റി സെഷൻസ് കോടതിയിൽ ശശികലയുടെ അഭിഭാഷകൻ അടച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. 

പയസ് ഗാർഡനിലെ ഉൾപ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഹൈദരാബാദിൽ ഉൾപ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. 

ജയിലിൽ ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് തെളിയിക്കുന്ന രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു. പ്രത്യേകം അടുക്കള, നിയന്ത്രണമില്ലാതെ സന്ദർശകർ , ടെലിവിഷൻ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിച്ചിക്കുന്നുണ്ട്. ജയലളിതയുടെ യഥാർത്ഥ പിൻഗാമി ശശികല എന്നാണ് മന്നാർഗുഡി കുടുംബത്തിൻ്റെ പ്രചാരണം. തമിഴകത്ത് പുതിയ സഖ്യനീക്കങ്ങൾക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുടെ മോചനത്തിന് കളമൊരുങ്ങുന്നത്.

Follow Us:
Download App:
  • android
  • ios