കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത് തീഹാർ ജയിലില്‍ കഴിയുകയാണ് ആംആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ ആരോഗ്യമന്ത്രിയും മുതിർന്ന നേതാവുമായ സത്യേന്ദ്ര ജെയിൻ

ദില്ലി: ജയിലിൽ നിന്നുള്ള തന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദില്ലി ഉപ മന്ത്രി സത്യേന്ദ്ര ജയിൻ പിൻവലിച്ചു. ദില്ലി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പിൻവലിച്ചത്. ഹൈക്കോടതിയെ സമീപിക്കാനെന്ന കാരണം പറഞ്ഞാണ് ഹർജി പിൻവലിച്ചത്. കേസ് ഇന്നലെ പരിഗണിച്ച കോടതി മറുപടി സമർപ്പിക്കാനാവശ്യപ്പെട്ട് തീഹാർ ജയിൽ അധികൃതർക്ക് ഇന്നലെ നോട്ടീസ് അയച്ചിരുന്നു. സത്യേന്ദ്ര ജെയിന്റെ ആരോഗ്യത്തിനാവശ്യമായ പോഷകാഹാരം നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. ജയിലിൽ സത്യേന്ദ്ര ജെയിനെ സഹതടവുകാരൻ മസാജ് നൽകുന്നതും പുറത്തുനിന്ന് വരുത്തിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതുമായ സിസിടിവി വീഡിയോകളാണ് പുറത്ത് വന്നത്.

കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത് തീഹാർ ജയിലില്‍ കഴിയുകയാണ് ആംആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ ആരോഗ്യമന്ത്രിയും മുതിർന്ന നേതാവുമായ സത്യേന്ദ്ര ജെയിൻ. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇരുപത്തിയെട്ട് കിലോയോളം തൂക്കം കുറഞ്ഞുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി കോടതിയില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പഴങ്ങള്‍ അടക്കമുള്ള വിഭവ സമൃദ്യമായ ഭക്ഷണം സത്യേന്ദ്ര ജെയിന്‍ മുന്‍പ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

മന്ത്രിയെ തടവുകാർ മസാജ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്ന വിവാദം പ്രതിരോധിക്കുന്നതിനിടെ വീണ്ടും വീഡോയോ വന്നത് ആം ആദ്മി പാര്‍ട്ടിക്ക് ഇരട്ട പ്രഹരമായി. രണ്ട് ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആംആദ്മി പാർട്ടിയെ നേരിടാൻ ബിജെപി ഉന്നയിക്കുന്നുണ്ട്. മന്ത്രിക്ക് ജയിലില്‍ ആഡംബര ജീവതമാണെന്നാണ് ബിജെപി പരിഹാസം. ഇതോടെയാണ് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ചോർന്നതില്‍ സത്യേന്ദ്ര ജെയിന്‍ കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ചോർന്നതില്‍ അന്വേഷണം വേണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. ഭക്ഷണവിവാദത്തില്‍ തനിക്ക് പ്രത്യേക പരിഗണനയില്ലെന്നും ക്വാട്ട അനുസരിച്ചുള്ള ഭക്ഷണം മാത്രമാണ് താന്‍ കഴിക്കുന്നതെന്നുമാണ് മന്ത്രി കോടതിയില്‍ വ്യക്തമാക്കിയത്. ഈ ഹർജിയാണ് പിൻവലിച്ചത്.