ദില്ലി: ഉമഭാരതി ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ നേരത്തെ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു എന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിഷേധിച്ച് ബിജെപി. അഡീഷണല്‍ സോളിറ്റേറ്റര്‍ ജനറലും, ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ സത്യപാല്‍ ജെയിന്‍ ആണ് ട്വിറ്ററിലൂടെ വാര്‍ത്തയ്ക്കെതിരെ രംഗത്ത് എത്തിയത്.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമാഭാരതി ബാബറി മസ്ജിദ് തകര്‍ത്ത ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് സത്യപാല്‍ ജെയിന്‍ ട്വീറ്റുകളിലൂടെ പറയുന്നു.

ജസ്റ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു എന്ന പേരിലാണ് ഉമഭാരതി ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട് എന്നത് ചില പ്രിന്‍റ് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ 14 കൊല്ലത്തോളം ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, ഉമഭാരതി എന്നിവര്‍ക്കൊപ്പം ലിബര്‍ഹാന്‍ കമ്മീഷനില്‍ ഹാജറാകുകയും അവര്‍ നല്‍കിയ ഒരോ മൊഴിയും കേള്‍ക്കുകയും ചെയ്തതിനാല്‍ ഇത്തരം ഒരു മൊഴി ഉമഭാരതി നല്‍കിയിട്ടില്ലെന്ന് എനിക്ക് പറയാന്‍ സാധിക്കും.

മാത്രവുമല്ല ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ഉമഭാരതി നല്‍കിയ മൊഴി ഇങ്ങനെയാണ് - അദ്വാനി തന്നെ ജനക്കൂട്ടത്തിന് അടുത്തേക്ക് പറഞ്ഞു വിട്ടു, അവിടെയുള്ള നിര്‍മ്മിതി തകര്‍ക്കുന്നത് തടയാനായിരുന്നു അത്. എന്നാല്‍ കര്‍ സേവകര്‍ എന്നെ തിരിച്ച് അയക്കുകയാണ് ഉണ്ടായത്, വീണ്ടും അങ്ങോട്ട് വരരുത് എന്നും അവര്‍ ആവശ്യപ്പെട്ടു.

ലിബര്‍ബാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ലിബര്‍ഹാന്‍ തന്നെ ചാപ്റ്റര്‍ 10 പാര 124.15ല്‍ ഇത് രേഖപ്പെടുത്തിയതായി കാണാം. അതിനാല്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന് തന്നെ വിരുദ്ധമാണ്.