Asianet News MalayalamAsianet News Malayalam

ജയിലിൽ പട്ടിണിയാണെന്ന് പറ‍ഞ്ഞ ആംആദ്മി മന്ത്രി സമൃദ്ധമായി ആഹാരം കഴിക്കുന്ന വീഡിയോ പുറത്ത്

ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമുള്ള സത്യേന്ദർ ജെയിനിന്റെ വാദത്തിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

satyendar jain eating food video out from Tihar Jail
Author
First Published Nov 23, 2022, 11:27 AM IST

ദില്ലി : തീഹാർ ജയിലിൽ തടവിൽ കഴിയുന്ന ദില്ലി മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദർ ജയിനിന്റെ പുതിയ വീഡിയോ പുറത്ത്. സത്യേന്ദർ ജെയിൻ സെല്ലിൽ ആഹാരം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമുള്ള സത്യേന്ദർ ജെയിനിന്റെ വാദത്തിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പഴങ്ങൾ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സത്യേന്ദർ ജെയിനിനെ സെല്ലിൽ മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും നേരത്തെ വിവാദമായിരുന്നു. കള്ളപ്പണ കേസിലാണ് ദില്ലി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. 

സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ കാൽ തിരുമ്മിക്കൊടുത്ത സഹ തടവുകാരൻ ബലാംത്സംഗ കേസിലെ പ്രതിയെന്ന് കഴിഞ്ഞ ദിവസം തിഹാർ ജയിൽ വൃത്തങ്ങൾ. റിങ്കു എന്ന പ്രതിയാണ് മസാജ് ചെയ്തത്. ഫിസിയോ തെറാപ്പിസ്റ്റ് അല്ലെന്നും ജയിൽ വൃത്തങ്ങൾ പറഞ്ഞു. സത്യേന്ദർ ജെയിന്റെ കാ തിരുമ്മുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സത്യേന്ദർ ജയിനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. 

തിഹാർ ജയിലിൽ  സത്യേന്ദർ ജെയിൻ കട്ടിലിൽ കിടക്കുമ്പോൾ സഹതടവുകാരൻ അദ്ദേഹത്തിന്റെ കാൽ തിരുമ്മുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദില്ലി ജയിൽ വകുപ്പ് എഎപിയുടെ നേതൃത്വത്തിലുള്ള  സർക്കാരിന്റെ കീഴിലാണ് വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെയിൻ  ചില രേഖകൾ വായിക്കുന്നതും വെള്ള ടീ ഷർട്ടിട്ട ഒരാൾ കാലുകൾ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. 

ജെയിനിന് വിഐപി പരി​ഗണന നൽകിയെന്നാരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. ദില്ലി മന്ത്രി ജയിലിൽ ആഡംബര ജീവിതം നയിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി സമർപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios