ദില്ലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വഷളായി കൊണ്ടിരുന്ന ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ വിദേശരാജ്യങ്ങളുടെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നതായി സൂചന. കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ ഉപാധികളില്ലാതെ വിട്ടയക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് പാകിസ്ഥാനെ എത്തിച്ചതില്‍ അണിയറയില്‍ നടന്ന ശക്തമായ നയതന്ത്രനീക്കങ്ങളും സഹായിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക്  നേരെ പാക് സൈന്യം ആക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം രൂപം കൊണ്ടിരുന്നു. ഇതോടെയാണ് ആഗോളരാജ്യങ്ങള്‍ പ്രശ്നപരിഹാരത്തിന് നയതന്ത്രനീക്കങ്ങള്‍ ആരംഭിച്ചത്. 
സൗദി അറേബ്യ, അമേരിക്ക, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഒത്തുതീര്‍പ്പിനായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന.

ഇന്ന് രാവിലെ ഇസ്ലാമാബാദില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പാകിസ്ഥാനിലെ പ്രധാനപാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ എന്ത് നടപടി സ്വീകരിക്കാനുമുള്ള പിന്തുണ കക്ഷിനേതാക്കള്‍ ഈ യോഗത്തില്‍ അറിയിച്ചു. ഇതിനു പിന്നാലെ സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഷാ മെഹമ്മൂദ് ഖുറേഷിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു. 

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനില്‍ നിന്നുള്ള  ഒരു നിര്‍ണായക സന്ദേശം സൗദി വിദേശകാര്യമന്ത്രി തന്നെ അറിയിച്ചുവെന്നും കാര്യങ്ങള്‍ നേരില്‍ സംസാരിക്കാന്‍ പാകിസ്ഥാനിലേക്ക് വരാന്‍ സൗദി വിദേശകാര്യമന്ത്രി താത്പര്യം അറിയിച്ചുവെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു.  സൗദി വിദേശകാര്യമന്ത്രിയെ കൂടാതെ ഇറാന്‍റെ വിദേശകാര്യമന്ത്രിയും തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പാകിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

പാക് മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പുല്‍വാമ ആക്രമണത്തിലെ ജയ്ഷെ മുഹമ്മദിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍  പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും. ഈ തെളിവുകള്‍ സൂഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം ആക്രമിച്ച് പിന്നെ തെളിവുകള്‍ തരുന്നതിന് പകരം ആദ്യം തന്നെ ഇന്ത്യ ഈ രേഖകള്‍ കൈമാറിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലായിരുന്നേനെയെന്ന് പറഞ്ഞ ഖുറേഷി ഇത് പുതിയ പാകിസ്ഥാനാണെന്നും പറഞ്ഞു.  

ഇതിന് തുടര്‍ച്ചയെന്നോണം ഇന്ത്യയിലെ സൗദി അംബാസിഡര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണില്‍ ബന്ധപ്പെട്ടതായി ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ അമേരിക്കന്‍ ഹോം സെക്രട്ടറി മൈക്ക് പോംപിയോ ടെലിഫോണില്‍ ബന്ധപ്പെട്ടു എന്ന വാര്‍ത്തയും പുറത്തു വന്നു.  

ഇതേ സമയം  ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ചയക്കായി വിയറ്റ്നാം തലസ്ഥാനമായ ഹനോയില്‍ ആയിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ-പാക് സംഘര്‍ഷത്തിന് അവസാനമാക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.  ഒരു നല്ല വാര്‍ത്തയുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ പ്രതീക്ഷയേക്കുന്ന മാറ്റങ്ങള്‍ രൂപപ്പെട്ട് വരുന്നുണ്ട് . പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ - മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞു. 

വൈകുന്നേരം പാകിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുത്ത സംസാരിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്ഥിതിഗതികള്‍ വഷളായത് മുതല്‍ വിവിധ സുഹൃത്ത രാജ്യങ്ങളുമായി പാകിസ്ഥാന്‍ സന്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും വ്യക്തമാക്കി. അല്‍പസമയത്തിനകം താന്‍ തുര്‍ക്കി പ്രധാനമന്ത്രിയുമായും സംസാരിക്കുന്നുണ്ടെന്ന പറഞ്ഞ ഇമ്രാന്‍ മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കൂടി പറഞ്ഞു വച്ചു. ഇതിനു ശേഷമാണ് സമാധാനശ്രമങ്ങളുടെ ആദ്യപടിയായി വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധനെ തിരിച്ചയക്കുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. 

വൈകുന്നേരം നാലരയോടെയാണ് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് മണിക്ക് നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ പ്രതിരോധസേനാ വക്താകളുടെ വാര്‍ത്താസമ്മേളനം ഏഴ് മണിയിലേക്ക് മാറ്റിയതായി അറിയിപ്പ് വന്നു. ആറ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സുരക്ഷാസമിതി യോഗത്തിന്‍റെ തീരുമാനം എന്തെന്ന് അറിയാനായാണ് സൈനിക വക്താകളുടെ മാധ്യമസമ്മേളനം വൈകിപ്പിച്ചത് എന്നാണ് സൂചന.

ഏഴ് മണിയോടെ മാധ്യമങ്ങളെ കണ്ട സൈനികവക്താകള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. ആക്രമണത്തെ വിജയകരമായി സൈന്യം പ്രതിരോധിച്ചെന്നും വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്നും വരുന്ന ഏത് തരം പ്രകോപനത്തേയും ശക്തമായി നേരിടും എന്നു വ്യക്തമാക്കിയ സൈനിക വക്താക്കള്‍ പക്ഷേ ഭാവി നടപടികളെക്കുറിച്ച് മൗനം പാലിച്ചു. 

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറാണെങ്കില്‍ അഭിനന്ദനെ വിട്ടയക്കാം എന്നായിരുന്നു നേരത്തെ പാകിസ്ഥാന്‍റെ നിലപാട്.  എന്നാല്‍ യാതൊരു ഉപാധികളുമില്ലാതെ ജനീവ കരാര്‍ പാലിച്ചു കൊണ്ട് അഭിനന്ദനെ വിട്ടയക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടത്. ഒടുവില്‍ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ലെന്ന് ഇമ്രാന്‍ ഖാന്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്നുണ്ട്. 

ഇന്ത്യയെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് നേരത്തെ പാകിസ്ഥാന്‍ ഈ യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ വിദേശകാര്യമന്ത്രി ഷാ ഖുറെഷി യോഗത്തിനെത്തും എന്നാണ് ഇസ്ലാമാബാദില്‍ നിന്നുള്ള വിവരം. യോഗത്തിനിടയില്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. യോഗത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവും പുല്‍വാമ ആക്രമണവും സുഷമ ചര്‍ച്ച ചെയ്യും എന്നാണ് സൂചന.