അഹമ്മദാബാദ്വിളവെടുത്ത ഉള്ളി വില്‍ക്കാനാകാതെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കോണ്‍ഗ്രസ് പാര്‍ട്ടി. ഉള്ളി കൃഷിക്ക് പേരുകേട്ട ഗുജറാത്തിലെ സൗരാഷ്ട്രയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ഉള്ളി വില്‍ക്കാനാകാതെ വന്നത്. കഴിഞ്ഞ മാസം മുതലാണ് സൗരാഷ്ട്രയില്‍ ഉള്ളി വിളവെടുപ്പ് തുടങ്ങിയത്. ടണ്‍ കണക്കിന് ഉള്ളിയാണ് വില്‍ക്കാനാകാതെ പ്രതിസന്ധിയിലായത്. 

കര്‍ഷകരുടെ പ്രയാസം മനസ്സിലാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളി കര്‍ഷകരുടെ കൈയില്‍ നിന്ന് ചരക്ക് വാങ്ങി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. സര്‍ക്കാര്‍ ഇടപെടലില്ലെങ്കില്‍ ഉള്ളി നശിച്ചുപോകുമെന്ന ഘട്ടത്തിലാണ് കര്‍ഷകര്‍ക്ക് രക്ഷയായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ആദ്യഘട്ടത്തില്‍ 24000 കിലോ ഉള്ളിയാണ് കോണ്‍ഗ്രസ് വാങ്ങിയത്. ശേഖരിച്ച ഉള്ളി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌തെന്ന് രാജ്‌കോട്ടിലെ കോണ്‍ഗ്രസ് നേതാവ് വിരാല്‍ ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.

'ചില കര്‍ഷകര്‍ക്ക് വിളവെടുത്ത ഉള്ളി വില്‍ക്കാനാകുന്നില്ല, ചിലര്‍ കിലോക്ക് 80 രൂപക്ക് വില്‍ക്കുന്നു. ഈ അവസ്ഥയിലാണ് കര്‍ഷകരെ സഹായിക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്'- വിരാല്‍ പറഞ്ഞു. ഏഴ് കിലോ ഉള്ളി വീതം 3000 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്‌തെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.