മുംബൈ: ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർക്ക് ഭാരത്‍രത്ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ഒത്താശ ചെയ്തയാളാണ് സവര്‍ക്കറെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു.

ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കര്‍. കേസില്‍ വെറുതെ വിട്ടെങ്കിലും സവര്‍ക്കര്‍ നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ കൊലപാതകത്തില്‍ കൂട്ടുനിന്നയാള്‍ക്ക് ഭാരത്‍രത്ന നല്‍കാന്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ബാപ്പുവിന്‍റെ കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യവും അതിന് പിന്നിലെ ഗൂഢാലോചനയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് തുഷാര്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.  

ഗാന്ധിയുടെ കൊലപാതകത്തില്‍ സവര്‍ക്കറുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് കോടതി പറഞ്ഞതെന്നും രാജ്യത്തിന്‍റെ പരമോന്നത ബഹുമതി സവര്‍ക്കര്‍ക്ക് നല്‍കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ ഇക്കാര്യം കൂടി ഓര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .