തെരുവില്‍ അലയുന്ന പശുക്കള്‍ മാത്രമല്ല, കറവ പറ്റിയ പശുക്കളുടെ കാര്യവും എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്

ഉന്നാവോ: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലേക്ക് രാജ്യം കടന്നതോടെ ഏറ്റവും ചര്‍ച്ചയാകുന്ന വാക്കുകളില്‍ ഒന്നാണ് 'ചൗക്കിദാര്‍'. ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്ത് പുതിയ ക്യാമ്പയിന് തുടക്കമിട്ടു.

ഇതോടെ ചൗക്കിദാര്‍ എന്ന വാക്ക് വലിയ ചര്‍ച്ചയായി മാറി. ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുള്ള കര്‍ഷകര്‍ യഥാര്‍ഥ ചൗക്കിദാര്‍ ആരാകാണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ''ആരൊക്കെയോ പറയുന്നു നമ്മുടെ പ്രധാനമന്ത്രി സ്വയം ചൗക്കിദാര്‍ എന്നാണ് വിളിക്കുന്നതെന്ന്. ശരിക്കും ഞങ്ങളാണ് യഥാര്‍ഥ ചൗക്കിദാറുകള്‍.

തെരുവില്‍ അലയുന്ന പശുക്കള്‍ അടക്കമുള്ളവയില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുകയാണ് ഞങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. തെരുവില്‍ അലഞ്ഞ് തിരിയുന്ന പശുക്കളില്‍ നിന്ന് ഞങ്ങളുടെ കൃഷിയെ ആര് സംരക്ഷിക്കുന്നവോ, അവരാണ് യഥാര്‍ഥ ചൗക്കിദാര്‍ എന്നും ഉന്നാവോയിലെ കര്‍ഷകര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടെെംസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തെരുവില്‍ അലയുന്ന പശുക്കളെ കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ വലിയ അസംതൃപ്തിയാണ് കര്‍ഷകര്‍ രേഖപ്പെടുത്തുന്നത്. തെരുവില്‍ അലയുന്ന പശുക്കള്‍ മാത്രമല്ല, കറവ പറ്റിയ പശുക്കളുടെ കാര്യവും എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. മുമ്പ് പശുക്കളെ അറവു ശാലകള്‍ക്ക് നല്‍കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്ന് തൊടാന്‍ പോലും ആളുകള്‍ക്ക് പേടിയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.