രണഘടനയും വോട്ടര്‍ പട്ടികയും തയ്യാറായാല്‍ ഉടന്‍ അഖിലിന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും സുപ്രീം കോടതി അറിയിച്ചു.

ദില്ലി: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ്റെ (All India Football Federation) ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി പുതിയ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്‍. ദാവെയുടെ നേതൃത്വത്തിലാണ് പുതിയ സമിതി. ഫെഡറേഷന്റെ ഭരണ ചുമതല ഉടന്‍ ഏറ്റെടുക്കാന്‍ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഭാസ്‌കര്‍ ഗാംഗുലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഫെഡറേഷന്റെ ഭരണഘടന പുതുക്കല്‍, പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ എന്നീ ചുമതലകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍.ദാവെ അധ്യക്ഷനായ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഭരണഘടനയും വോട്ടര്‍ പട്ടികയും തയ്യാറായാല്‍ ഉടന്‍ അഖിലിന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും സുപ്രീം കോടതി അറിയിച്ചു.

2009 ൽ അവസാനം നടന്ന തെരഞ്ഞെടുപ്പിൽ മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലാണ് ഫെഡറേഷന്‍ പ്രസിഡൻ്റായത്. സ്‌പോര്‍ട്‌സ് കോഡ് പ്രകാരം പരമാവധി പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷനായി ഇരിക്കാന്‍ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ സമിതി രൂപീകരിച്ചത്.