സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീഖ് കാപ്പനെ ദില്ലിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ധീഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ദില്ലിക്ക് കൊണ്ടു പോകാൻ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. 

സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആദ്യം കാപ്പനെ ദില്ലിക്ക് മാറ്റുക ആവശ്യമായ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന് ബന്ധപ്പെട്ട കോടതിയിൽ ജാമ്യത്തിനായി അപേക്ഷിക്കാം - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ദില്ലി എയിംസിലോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ കാപ്പന് വേണ്ടി കെയുഡെബ്ള്യുജെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. കാപ്പൻ കൊവിഡ് മുക്തനായെന്ന് കാണിച്ച് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നൽകിയെങ്കിലും ഇതേ റിപ്പോര്‍ട്ടിൽ തന്നെ അദ്ദേഹത്തിൻ്റെ ശരീരത്തിൽ മുറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാപ്പൻ്റെ ആരോഗ്യനിലയിൽ കോടതിയുടെ ശ്രദ്ധ പതിയാൻ ഈ റിപ്പോര്‍ട്ട് കാരണമായി. കാപ്പനെ യുപിക്ക് പുറത്തേക്ക് മാറ്റുന്നതിനെ ശക്തമായി എതിര്‍ത്ത സോളിസിറ്റര്‍ ജനറലിൻ്റെ വാദത്തെ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചതും യുപി സര്‍ക്കാരിൻ്റെ ഈ റിപ്പോര്‍ട്ട് വച്ചാണ്. 

കാപ്പന് അനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടാവാതിരിക്കാൻ കടുത്ത പ്രതിരോധമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയും നടത്തിയത്. യുപിയിൽ ആശുപത്രി സൗകര്യം കിട്ടാത്ത നിരവധി മാധ്യമപ്രവർത്തകരുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത രാവിലെ നടന്ന വാദത്തിനിടെ ചൂണ്ടിക്കാട്ടി. മഥുരയിൽ കാപ്പന് ഒരു കിടക്ക ഉറപ്പാക്കാമെന്നും തുഷാര്‍ മേത്ത കോടതിയിൽ പറഞ്ഞു. 

ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ അതിവേഗ നീക്കമാണ് ഉത്തർപ്രദേശ് സർക്കാർ നടത്തിയത്. കാപ്പനെ തിരക്കിട്ട് മധുര ജയിലിലേക്ക് മാറ്റിയ യുപി സര്‍ക്കാര്‍ കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോർട്ടും സുപ്രീംകോടതിയിൽ നൽകി. 

കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ നൽകിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജയിലിൽ കഴിയുന്ന കാപ്പന് കൊവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് യുപി സര്‍ക്കാര്‍ റിപ്പോർട്ട് നല്‍കുന്നത്. 

യുപി സർക്കാരിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് കുമാർ ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. മാത്രമല്ല, പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂണിയൻ നടത്തുന്നതെന്നും യുപി സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് സിദ്ധിഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മധുര ജയിലിലേക്ക് കൊണ്ടുപോയത്.