ടിക്ക് ടോക്ക് സ്റ്റേ ചെയ്ത കേസില്‍ ബുധനാഴ്ച തന്നെ തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി. 

ദില്ലി: ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. 

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്‍റെ മാതൃക കമ്പനിയായ ബൈടെഡന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ അഞ്ചരക്കോടിയോളം ടിക്ക് ടോക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.