ദില്ലി: എഐസിസി ജനറൽ സെക്രട്ടറിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് കശ്മീർ സന്ദർശിക്കാൻ അനുമതി. സുപ്രീം കോടതിയിൽ ഇദ്ദേഹം സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അവരുടെ ക്ഷേമകാര്യങ്ങൾ ആരാഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഗുലാം നബി ആസാദിനോട് പറഞ്ഞു. എന്നാൽ രാഷ്ട്രീയ റാലി നടത്തരുതെന്നും അദ്ദേഹത്തിന് കോടതി നിർദ്ദേശം നൽകി.

ശ്രീനഗർ, ജമ്മു, ബാരാമുള്ള, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് അനുമതി. ഇവിടെയുള്ള ജനങ്ങളെ നേരിൽ കാണാനും അവരുടെ കാര്യങ്ങൾ അറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

"അദ്ദേഹം സമർപ്പിച്ച സബ്‌മിഷനിൽ പ്രസംഗം നടത്തില്ലെന്നും പൊതുജന റാലി സംഘടിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്," ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ഗുലാം നബി ആസാദിന്റെ വാദം കേട്ടശേഷം, ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ചോദിച്ചു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെങ്കിൽ അത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

"ഞാൻ വ്യക്തിപരമായി തന്നെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സംസാരിക്കാം. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. ആവശ്യമെങ്കിൽ ജമ്മു കശ്മീർ ഞാൻ നേരിട്ട് സന്ദർശിക്കാം," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജമ്മു കശ്മീർ സന്ദർശിക്കാൻ പലവട്ടം ഗുലാം നബി ആസാദ് ശ്രമിച്ചെങ്കിലും ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.