ദില്ലി: കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ദില്ലയിലെ പാക് ഹൈക്കമ്മിഷന്റെ സഹായമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഗുലാം നബി ആസാദിന്റെ കശ്മീർ സന്ദർശിക്കാനുള്ള ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറൽ ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിലെ സുരക്ഷാ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാനാകില്ലെന്നും കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് ദില്ലിയിലെ പാക് ഹൈകമ്മീഷൻ വഴി സഹായം കിട്ടുന്നുണ്ടെന്നും അറ്റോര്‍ണി ജനറൽ കോടതിയിൽ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ എതി‍പ്പ് തള്ളിയ കോടതി, ഗുലാംനബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാൻ  അനുമതി നൽകി. ജമ്മുകശ്മീര്‍ വിഷയത്തിൽ സുപ്രീം കോടതിയിലേക്ക് ഹർജികൾ നേരിട്ടെത്തുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ സുപ്രീം കോടതി ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങൾ സ്തംഭിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. ഹൈക്കോടതിയുടെ പ്രവർത്തന സാഹചര്യങ്ങൾ പരിശോധിക്കാൻ നേരിട്ട് കശ്മീരിൽ പോകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബാരമുള്ള, അനന്തനാഗ്, ജമ്മു എന്നീ ജില്ലകളിലെ കുടുംബാംഗങ്ങളെ കാണാനാണ് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് സുപ്രീംകോടതി അനുമതി നൽകിയത്. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുത്, സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി. ഈ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഒരു പൗരന്‍റെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എയിംസിൽ ചികിത്സ പൂര്‍ത്തിയാക്കിയ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിക്ക് എപ്പോൾ വേണമെങ്കിലും കശ്മീരിലേക്ക് തിരിച്ചുപോകാനുള്ള അനുമതിയും നൽകി.

കശ്മീരിൽ ഹൈക്കോതിയുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് കേസുമായി കോടതിയെ സമീപിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് നേരിട്ട് കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞത്. ഹൈക്കോടതിയെ സമീപിക്കാൻ സാധാരണക്കാര്‍ക്ക് സാധിക്കുന്നില്ലെങ്കിൽ അത് ഗൗരവമായ വിഷമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇതേക്കുറിച്ച് ഉടൻ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാനും ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഈ സമയത്താണ് മൊബൈൽ, ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ അടിയന്തിരമായി പുനഃസ്ഥാപിക്കാനാകില്ലെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ അറിയിച്ചത്.

1990ന് ഓഗസ്റ്റിന് ശേഷം 41866 പേരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ഇതിൽ 15292 പേര്‍ സൈനികരാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങൾക്ക് വിദേശത്ത് നിന്നും പാക്ക് ഹൈക്കമ്മീഷൻ വഴിയും സഹായങ്ങൾ എത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സുരക്ഷാനിയന്ത്രണങ്ങൾ തുടരേണ്ടിവരുമെന്നും എജി വാദിച്ചു. നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എംഡിഎംകെ. നേതാവ് വൈക്കോ നൽകിയ ഹര്‍ജിൽ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഈമാസം 30നകം മറുപടി നൽകണം. ഇതിനിടെ ഫറൂഖ് അബ്ദുള്ളക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു. രണ്ടുവര്‍ഷം വരെ വിചാരണയില്ലാതെ തടവിൽ വെക്കാൻ സാധിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.