Asianet News MalayalamAsianet News Malayalam

ഗുജറാത്ത് കലാപക്കേസ്: ബിൽക്കീസ് ബാനു നൽകിയ പുനഃപരിശോധന ഹർജി തള്ളി സുപ്രീം കോടതി

ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് ഗുജറാത്ത് സർക്കാർ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്.

SC rejects Dismisses Bilkis Bano's Review Petition on Gujarat Riot Case
Author
First Published Dec 17, 2022, 11:57 AM IST

ദില്ലി : ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കീസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ടുള്ള കഴിഞ്ഞ മെയിലെ സുപ്രീം കോടതി  വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം. ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് ഗുജറാത്ത് സർക്കാർ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്. 

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ​ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുൾപ്പെടെയുള്ള കേസുകളിലാണ് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്. 

2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. 

2002 മാർച്ചിൽ ഗോധ്ര സംഭവനത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Read More : ഗുജറാത്ത് കലാപകേസ്; ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി സുപ്രീം കോടതി ജഡ്ജി

Follow Us:
Download App:
  • android
  • ios