ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി, ബ്രിട്ടീഷ് പൗരൻ എന്നെഴുതി വെച്ചാൽ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ബ്രിട്ടീഷ് പൗരത്വ പ്രശ്നത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിയോട് വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ സുപ്രീംകോടതി നിലപാട് നിര്‍ണായകമാകും.

ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമായിരുന്നു രാഹുല്‍ ഗാന്ധിയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കമ്പനി രേഖകളില്‍ രാഹുലിനെ ബ്രീട്ടീഷ് പൗരന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ ചുണ്ടിക്കാട്ടി. എന്നാല്‍ ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതി വച്ചാൽ രാഹുൽ ബ്രിട്ടീഷുകാരനാകുമോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ചോദിച്ചു. 

ഹര്‍ജിക്കാരന്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണോയെന്നും കോടതി ആരാഞ്ഞു. പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്ന ആളാണ് രാഹുലെന്ന് ഹിന്ദു സംഘടന വാദിച്ചു. പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചാല്‍ അതില്‍ എന്ത് തെറ്റെന്നയിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും പ്രധാനമന്ത്രി പദം ആഗ്രഹിക്കാം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിൽ ആർക്കാണ് പേടിയെന്നും കോടതി ചോദിച്ചു. 

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹിന്ദുസംഘടനയുടെ ആവശ്യങ്ങള്‍. ബ്രിട്ടീഷ് പൗരത്വം ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രലായം നേരത്തെ രാഹുല്‍ ഗാന്ധിയുടെ വിശദീകരണം ചോദിച്ചിരുന്നു. സുപ്രീംകോടതി വിധിയോടെ മന്ത്രാലയം ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.