റെയിൽവേയുടെ പക്കലുള്ള 29 ഏക്കർഭൂമിയിൽ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതാണ് സുപ്രീംകോടതി തടഞ്ഞത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി റെയില്‍വെ ഭൂമിയിലെ കുടിയൊഴിപ്പിക്കൽ താൽകാലികമായി സുപ്രീം കോടതി താൽകാലികമായി സ്റ്റേ ചെയ്തു. പതിറ്റാണ്ടുകളായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടത്. ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം വരുന്ന ആളുകളെ ഇത്തരത്തില്‍ വഴിയാധാരമാക്കാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു.

റെയിൽവേയുടെ പക്കലുള്ള 29 ഏക്കർഭൂമിയിൽ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതാണ് സുപ്രീംകോടതി തടഞ്ഞത്. ഏഴ് ദിവസത്തിനകം ആളുകളെ ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അരലക്ഷത്തോളം വരുന്ന ആളുകളെ ഇത്തരത്തില്‍ ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് മാനുഷിക വിഷയമാണെന്നും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പടെ ഉറപ്പ് വരുത്തേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്നവരാണെങ്കില്‍ പോലും അവരുടെ പുനരധിവാസം ഒരുക്കേണ്ടതാണെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. മാനുഷികമായ ഈ വിഷയത്തില്‍ പ്രായോഗികമായ ഒരു പരിഹാരം കാണണമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും റയില്‍വേയോടും സുപ്രീം കോടതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അറുപത് - എഴുപത് വര്‍ഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അര്‍ധസൈനികരെ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതി നീക്കുകയും ചെയ്തു. ഭൂമി റെയില്‍വേയുടേതാണെന്നതില്‍ സംസ്ഥാനവും റെയില്‍വേയും ഒരേ നിലപാടിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേയ്ക്കും നോട്ടീസ് അയച്ച സുപ്രീംകോടതി ഫെബ്രുവരി ഏഴിന് വീണ്ടും വിഷയം പരിഗണിക്കാം എന്നും വ്യക്തമാക്കി.

സ്കൂൾ ഗ്രൗണ്ടിൽ കളിക്കവെ കടന്നൽ കൂട്ടം ആക്രമിച്ചു, തൃശൂരിൽ നാൽപതിലേറെ പെൺകുട്ടികൾക്ക് കുത്തേറ്റു; ആശുപത്രിയിൽ

സുപ്രീം കോടതിയുടെ സ്റ്റേ വന്നതിന് പിന്നാലെ ജനങ്ങൾ ആഹ്ളാദം പ്രകടമാക്കി തെരുവുകളിൽ ഇറങ്ങിയിട്ടുണ്ട്. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞായിരുന്നു ജനങ്ങൾ ആഹ്ളാദം പങ്കുവച്ചത്.