ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഹർജിയിൽ നാളെ വാദം കേൾക്കും

ദില്ലി : ഗ്യാൻവാപി മസ്ജിദ് കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത ഉത്തരവ് നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ മെയ് 16 നാണ് ശിവലിം​ഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സീൽ ചെയ്ത് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഇത് നാളെ അവസാനിരിക്കെ വിഷ്ണു ശങ്കർ ജെയ്ൻ ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നാകെ മെൻഷൻ ചെയ്യുകയായിരുന്നു. ഇതോടെ ഹർജിയിൽ നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് വാദം കേൾക്കാമെന്ന് അറിയിച്ചു. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വാദം കേൾക്കുക. ​ഗ്യാനവാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരണസി കോടതി മുതൽ സുപ്രീം കോടതി വരെ നിരവധി ഹർജികൾ നിലവിലുണ്ട്. ഇതിൽ ശിവലിം​ഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുക. 

അതേസമയം ഗ്യാൻവാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ വാരണാസി ജില്ലാ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. ഇതിനെതിരെ മറുവിഭാഗം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read More : ഗ്യാന്‍വാപി മസ്ജിദ് കേസ്; 'ശിവലിംഗത്തിന്‍റെ' കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി കോടതി

​ഗ്യാൻവാപി കേസ് നാളെ സുപ്രീംകോടതി പരി​ഗണിക്കും | Gyanvapi case