മഹാരാജ അഗ്രസൈൻ പബ്ലിക് സ്‌കൂൾ എസിക്ക് 2000 രൂപ പ്രതിമാസ ഫീസ് ഈടാക്കുന്നത് യുക്തിരഹിതമാണെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇടപെടണമെന്നുമായിരുന്നു ഹർജിക്കാരനായ മനീഷ് ഗോയൽ വാദിച്ചത്.

ദില്ലി: ക്ലാസ് മുറികളിലെ എയർ കണ്ടീഷനിംഗിന് പണം ഈടാക്കാനുള്ള സ്വകാര്യ സ്കൂളിന്‍റെ അവകാശത്തെ ചോദ്യം ചെയ്തുള്ള ഹർജി ദില്ലി ഹൈക്കോടതി തള്ളി. സ്കൂൾ കുട്ടികൾക്ക് എയർ കണ്ടീഷനിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള ചെലവ് രക്ഷിതാക്കൾ വഹിക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മഹാരാജ അഗ്രസൈൻ പബ്ലിക് സ്‌കൂൾ എസിക്ക് 2000 രൂപ പ്രതിമാസ ഫീസ് ഈടാക്കുന്നത് യുക്തിരഹിതമാണെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇടപെടണമെന്നുമായിരുന്നു ഹർജിക്കാരനായ മനീഷ് ഗോയൽ വാദിച്ചത്.

ക്ലാസ് മുറികളിൽ എയർ കണ്ടീഷനിംഗ് സൗകര്യം ഒരുക്കേണ്ട ബാധ്യത സ്കൂൾ മാനേജ്മെന്‍റിനാണെന്നും മനീഷ് വാദം ഉന്നയിച്ചു. വിദ്യാർത്ഥികളിൽ നിന്ന് എസിക്ക് ചാർജ് ഈടാക്കുന്നത് 1973 ലെ ദില്ലി സ്കൂൾ വിദ്യാഭ്യാസ ചട്ടങ്ങളിലെ റൂൾ 154 ന് വിരുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പിഎസ് അറോറ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഈ വാദങ്ങളോട് വിയോജിക്കുകയായിരുന്നു.

സ്‌കൂളുകൾ ഈടാക്കുന്ന മറ്റ് ചാർജുകളുമായി എസി ഫീസിനെ കോടതി താരതമ്യം ചെയ്തു. തുടര്‍ന്ന് എയർ കണ്ടീഷനിംഗ് സൗകര്യം സ്കൂളുകൾ ഈടാക്കുന്ന ലാബ്, സ്മാർട്ട് ക്ലാസ് ഫീ തുടങ്ങിയ മറ്റ് ചാർജുകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ സാമ്പത്തിക ഭാരം സ്കൂൾ മാനേജ്മെന്‍റിന് മാത്രം ചുമത്താനാവില്ല.

ഒരു സ്കൂൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികൾക്ക് നൽകുന്ന സൗകര്യങ്ങളും അതിന് നല്‍കേണ്ടി വരുന്ന ഫീസും ശ്രദ്ധിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം, ദില്ലി സർക്കാർ വിഷയം പരിശോധിച്ചുവരികയാണെന്നും നിരവധി പരാതികളെത്തുടർന്ന് നടപടി സ്വീകരിക്കുകയും റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഡിഒഇ കോടതിയെ അറിയിച്ചു. ഹർജി പരിഗണിച്ച കോടതി, ഇത് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.