കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതെന്നതിനാലാണ് ബംഗാൾ സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. 

ദില്ലി: കൊവിഡിനൊപ്പം (covid 19) ഒമിക്രോൺ (Omicron) വ്യാപനവും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് പശ്ചിമ ബംഗാൾ. നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. ഒരിടവേളത്ത് ശേഷം ലോക് ഡൌണിന് സമാനമായ നിയന്ത്രണമാണ് ബംഗാളിൽ ഏർപ്പെടുത്തുന്നത്. കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതെന്നതിനാലാണ് ബംഗാൾ നിയന്ത്രണം കടുപ്പിച്ചത്. 

അതേ സമയം രാജ്യത്ത് ആകെ കൊവിഡ് വ്യാപനം തീവ്രമാകുന്നതിന്‍റെ സൂചനയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം പിന്നിട്ടു. ഇന്ന് 24 മണിക്കൂറിനിടെ 27553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ദില്ലി, കേരളം തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനമൂലം ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് പ്രതിദിന രോഗവ്യാപനത്തിലുണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. 1525 പേര്‍ക്ക് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗവ്യാപനത്തില്‍ മുന്നിലുള്ള മഹാരാഷ്ട്രയിൽ 460 പേര്‍ ഒമിക്രോണ്‍ ബാധിതരായി.

Covid Booster Dose Kerala : 'ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ്, ഒകിമ്രോൺ സമൂഹവ്യാപനം കേരളത്തിലില്ല':ആരോഗ്യമന്ത്രി

അതിനിടെ രാജ്യത്ത് 15 മുതൽ 18 വയസുവരെ പ്രായമുള്ളവര്‍ക്ക് നാളെ മുതൽ വാക്സീന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിലയിരുത്തി. പത്ത് കോടി പേരാണ് ഈ പ്രായപരിധിയില്‍ വാക്സീനേഷന് അര്‍ഹരായത്. കഴിഞ്ഞ രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തോളം പേര്‍ കൊവിന്‍ ആപ്പിൽ രജിസ്റ്റര്‍ ചെയ്തു. വാക്സീനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തുന്നവര്‍ക്കും വാക്സീന്‍ നല്‍കും. മുന്‍ഗണന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും. കൊവാക്സീനാകും നല്‍കുക. കൊവിഡ് മുന്നണി പോരാളികള്‍ക്കും, അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും 10 മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങും.