'വാളുമായി ബൈക്കില്‍ പിന്തുടര്‍ന്നു, കാറിന്‍റെ ചില്ല് തകര്‍ത്തു': ശാസ്ത്രജ്ഞനെ ആക്രമിച്ച സംഘത്തെ തേടി പൊലീസ്
തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പൊലീസ് ഉടന്‍ നടപടിയെടുക്കാത്തത് വേദനിപ്പിച്ചെന്നും ശാസ്ത്രജ്ഞന്‍

ബെംഗളുരു: ബൈക്കിലെത്തിയ ആയുധധാരികളായ അജ്ഞാതസംഘം ശാസ്ത്രജ്ഞനെ പിന്തുടര്‍ന്ന് ആക്രമിച്ചെന്ന് പരാതി. വാളുമായാണ് സംഘം തന്നെ പിന്തുടര്‍ന്നതെന്നും കാറിന്‍റെ ചില്ല് തകര്‍ത്തെന്നും അശുതോഷ് സിംഗ് പറഞ്ഞു. സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസിലെ (സിഇഎൻഎസ്) ശാസ്ത്രജ്ഞനാണ് അശുതോഷ് സിംഗ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ബെംഗളുരുവിലെ മദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കാര്‍ ഓടിക്കുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം തന്നെ പിന്തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അശുതോഷ് പറഞ്ഞു. താന്‍ കാര്‍ നിര്‍ത്താതിരുന്നതോടെ പിന്നാലെ വന്ന സംഘം കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്തു. റൗത്തനഹള്ളി റോഡിൽ ആഗസ്ത് 24ന് അര്‍ധരാത്രിയാണ് ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഈ സംഭവം തന്നെ ഞെട്ടിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും അശുതോഷ് പറഞ്ഞു. ആക്രമിക്കപ്പെട്ട കാറിന്‍റെ ചിത്രം അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്സില്‍ പങ്കുവെച്ചു. തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസ് ഉടന്‍ നടപടിയെടുക്കാത്തത് വേദനിപ്പിച്ചു. അക്രമികൾക്കെതിരെ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന്‍റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്ന് ട്രാഫിക് അഡീഷണൽ ഡയറക്ടർ ജനറൽ അലോക് കുമാർ മറുപടി നല്‍കി. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തെന്നും മദനായകനഹള്ളി പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലം പൊലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.