ദില്ലി: ഫ്രാന്‍സില്‍ നിന്ന് രണ്ടാം ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രി 8.14ന് റഫാല്‍ വിമാനങ്ങള്‍ എത്തിയതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് എവിടെയും നിര്‍ത്താതെയാണ് വിമാനങ്ങള്‍ എത്തിയത്. 7000 കിലോമീറ്റര്‍ ദൂരമാണ് വിമാനങ്ങള്‍ നിര്‍ത്താതെ പറന്നത്.  ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് വിമാനങ്ങള്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 
 

വിമാനങ്ങള്‍ പിന്നീട് അംബാലയിലെത്തിക്കും. ജൂലായ് 29നാണ് ആദ്യബാച്ച് വിമാനങ്ങള്‍ രാജ്യത്തെത്തിയത്. സെപ്റ്റംബര്‍ 28ന് ഇവ സൈന്യത്തിന്റെ ഭാഗമായി. അന്ന് അബൂദാബിയില്‍ നിര്‍ത്തിയ ശേഷമാണ് ഇന്ത്യയിലെത്തിയത്. 2023ഓടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യയിലെത്തിക്കും. കരാര്‍ പ്രകാരം 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ റഫാലിന്റെ വരവ് മുതല്‍ക്കൂട്ടാകുമെന്നാണ് നിഗമനം. 10 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമുണ്ട്.