തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിന്റെ രണ്ടാം ദിവസവും ഉത്തരേന്ത്യയിൽ ജനജീവിതം സാധാരണ നിലയിൽ തുടരുന്ന കാഴ്ചയാണ് കണ്ടത്.

ദില്ലി: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയപണിമുടക്ക് ഉത്തരേന്ത്യയെ സാരമായി ബാധിച്ചില്ല. ദില്ലി ജന്തർ മന്തറിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രതീഷേധ ധർണ സംഘടിപ്പിച്ചു. ഇടത് എംപി മാർ പാർലമെന്റിലേക്ക് മാർച്ചും നടത്തി. അതേസമയം രണ്ട് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. 

തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിന്റെ രണ്ടാം ദിവസവും ഉത്തരേന്ത്യയിൽ ജനജീവിതം സാധാരണ നിലയിൽ തുടരുന്ന കാഴ്ചയാണ് കണ്ടത്. കടകളെല്ലാം തുറന്നു പ്രവർത്തിച്ചു. വാഹനങ്ങൾ സാധാരണ പോലെ നിരത്തിലിറങ്ങി. സർക്കാർ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരും ഹാജരായി. അതേസമയം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ പ്രതിഷേധ സംഗമം നടന്നു. ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലായിരുന്നു. 

പണിമുടക്ക് കേന്ദ്ര സർക്കാരിനുള്ള താക്കീത് ആണെന്നും , രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കില്ലെന്നും സി ഐ റ്റി യു ജെനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. ദില്ലിയിലെ LIC ഓഫീസിൽ ജീവനക്കാരുടെ പ്രതിഷേധ ധർണ തുടരുകയാണ്. ബംഗാൾ, ത്രിപുര, ഒഡീഷ എന്നിവിടങ്ങളിലും തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാർച്ച് നടന്നു. പാർലമെന്റിൽ ഇടത് എംപിമാർ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അടിയന്തര പ്രമേയ നോട്ടീസ് തള്ളി. വിഷയം ചർച്ച ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് തുടരുകയാണ് കേന്ദ്രം.