Asianet News MalayalamAsianet News Malayalam

തൊഴില്‍ നിയമങ്ങളില്‍ സമഗ്രമാറ്റത്തിന് കേന്ദ്രം: 44 നിയമങ്ങളെ നാല് വിഭാഗങ്ങളായി തിരിക്കും

44 തൊഴിൽ നിയമങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടായിരിക്കും പരിഷ്കാരം. വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷ, ക്ഷേമം, വ്യാവസായിക ബന്ധങ്ങൾ. എന്നിങ്ങനെയായിരിക്കും വിഭജനം.

second modi goverment planning new labour law
Author
Delhi, First Published Jun 11, 2019, 11:37 PM IST

ദില്ലി: നിക്ഷേപകരെ സഹായിക്കുന്നതിനും വളർച്ചയെ വേഗത്തിലാക്കുന്നതിനുമായി മോദി സർക്കാർ പുതിയ തൊഴിൽ നിയമനിർമാണം ആസൂത്രണം ചെയ്യുന്നു. 44 തൊഴിൽ നിയമങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടായിരിക്കും പരിഷ്കാരം. വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷ, ക്ഷേമം, വ്യാവസായിക ബന്ധങ്ങൾ. എന്നിങ്ങനെയായിരിക്കും വിഭജനം.

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ആൻറ് മിസ്ലേനിയസ് പ്രൊവിഷൻ ആക്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട്, മാതൃസ്ഥാപന ആനുകൂല്യ ആക്ട്, ബിൽഡിംഗ് ആന്‍റ്  അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് എന്നിവയുൾപ്പെടെയുള്ള സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലയിപ്പിക്കുന്നതാണ് സോഷ്യൽ സെക്യൂരിറ്റി നിയമെന്ന് പറയുന്നത്. ഇത്തരത്തില്‍ പല വിഭാഗങ്ങളിലായിരുന്ന 44 തൊഴില്‍ നിയമങ്ങളെയാണ് മോദി സര്‍ക്കാര്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴില്‍ മാത്രമായി ചുരുക്കുന്നത്. 

ഫാക്ടറീസ് ആക്ട്, മൈൻസ് ആക്ട്, ഡോക്ക് വർക്കേഴ്സ് (സേഫ്റ്റി, ഹെൽത്ത് ആന്‍റ് വെൽഫെയർ) ആക്ട് തുടങ്ങിയ നിരവധി വ്യാവസായിക സുരക്ഷാ, ക്ഷേമ നിയമങ്ങൾ വ്യാവസായിക സുരക്ഷിതത്വത്തിലും ക്ഷേമത്തിലും ഒറ്റ വിഭാഗമായി മാറ്റും. മിനിമം വേജസ് ആക്ട്, വേതനം നൽകൽ നിയമം, ബോണസ് ആക്ട്, തുല്യാവകാശ ആനുകൂല്യ നിയമം, തുടങ്ങിയവയും പുതിയ നിയമത്തോടൊപ്പം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇൻഡസ്ട്രിയൽ റിലേഷൻസ് സംബന്ധിച്ച ലേബർ കോഡ് 1947 ലെ വ്യവസായ തർക്ക നിയമം, 1926, ട്രേഡ് യൂണിയൻസ് ആക്ട്, 1926, ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിംഗ് ഓർഡറുകൾ) നിയമം എന്നിവ ഇതോടൊപ്പം കൂട്ടിച്ചേർക്കും. തൊഴില്‍ നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 

ഒന്നാം മോദി സര്‍ക്കാറിന്‍റെ കാലത്ത് സംഘടിത മേഖലയെ പുനര്‍ നിര്‍വചിച്ച് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും അസംഘടിതമേഖലയായി മാറ്റപ്പെട്ടിരുന്നു. ഈ കരട് റിപ്പോര്‍ട്ടില്‍ തൊഴിലാളി ക്ഷേമ വ്യവസ്ഥകള്‍ പലതും ഒഴിവാക്കപ്പെട്ടിരുന്നു. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും  നോട്ട് നിരോധനത്തിനും പിറകേയെത്തിയ തൊഴില്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് പോലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നിയമം പരിഷ്കരിക്കാന്‍ ഒന്നാം മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 

തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തിരിച്ചെത്തിയ മോദി, തൊഴില്‍ പരിഷ്കാര നടപടികളുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ, തൊഴിൽമന്ത്രി സന്തോഷ് ഗാംങ്‍വാർ, വാണിജ്യ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു.

അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ പുതിയ ലേബർ ബിൽ അവതരിപ്പിക്കും. പിന്നീട് ഇതേ കരട് ബില്ല് കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നിൽവെക്കുമെന്നും തൊഴിൽമന്ത്രി സന്തോഷ് ഗാംങ്‍വാർ അറിയിച്ചു. രാജ്യത്തെ പ്രധാന തൊഴിൽ സംഘടനകള്‍ പുതിയ തൊഴിൽ നിയമങ്ങൾക്കായി സർക്കാരിനെ സമീപിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios