കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് താളം തെറ്റുന്നുവെന്ന് കണ്ടതോടെ ഇടക്കാലത്ത് നിശബ്ദമായ പ്രതിപക്ഷ ശബ്ദം ശക്തിപ്രാപിച്ചു തുടങ്ങി. രാഹുല്‍ഗാന്ധിയും, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും വിമര്‍ശന ശരങ്ങളുമായി കേന്ദ്രത്തിന് പിന്നാലെയുണ്ട്. രോഗവ്യാപനത്തിനും, മരണത്തിനും ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന വിമര്‍ശനം സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 

ദില്ലി: കൊവിഡ് രണ്ടാംതരംഗത്തെ നേരിടുന്നതില്‍ സര്‍ക്കാരിന് അടിപതറിയതാണ് രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിപക്ഷം ആയുധമാക്കുന്നത്. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ വിശാലസഖ്യം എന്ന ആശയത്തിന്മേലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും 
പ്രതിപക്ഷ നിരയിലെ അനൈക്യം ദൃശ്യമാണ്.

കശ്മീര്‍ പുനസംഘടന മുതല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ വരെയുള്ള തീരുമാനങ്ങൾ. ഏകാധിപത്യ രീതിയില്‍ അജണ്ടകള്‍ ഒന്നൊന്നായി മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ പ്രതിപക്ഷ സ്വരം തീരെ ദുര്‍ബലമായിരുന്നു. പൗരത്വനിയമ ഭേദഗതി പ്രതിഷേധങ്ങളടക്കം ജനരോഷമുയര്‍ന്ന അവസരങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷ ഐക്യം പ്രകടമായതുമില്ല.പാര്‍ലമെന്‍റിലെ ദുര്‍ബലമായ അംഗസംഖ്യ പുറത്തും മോദി സര്‍ക്കാരിനെ നേരിടുന്നതില്‍ പ്രതിപക്ഷത്തിനെ ദൂരത്ത് നിര്‍ത്തി. 

എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് താളം തെറ്റുന്നുവെന്ന് കണ്ടതോടെ ഇടക്കാലത്ത് നിശബ്ദമായ പ്രതിപക്ഷ ശബ്ദം ശക്തിപ്രാപിച്ചു തുടങ്ങി. രാഹുല്‍ഗാന്ധിയും, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും വിമര്‍ശന ശരങ്ങളുമായി കേന്ദ്രത്തിന് പിന്നാലെയുണ്ട്. രോഗവ്യാപനത്തിനും, മരണത്തിനും ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന വിമര്‍ശനം സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 'രണ്ടാംതരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണ്.പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്' എന്നാണ് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടത്. 

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പും പിന്നാലെ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമാണ് പ്രതിപക്ഷ ശക്തി പരീക്ഷണത്തിനുള്ള അടുത്ത വേദി. 2024ല്‍ പ്രതിപക്ഷ ചേരിയെ കോണ്‍ഗ്രസ് ഇതര നേതാവ് നയിക്കണമെന്നം എന്ന വികാരം ശക്തമാണ്. ചില നേതാക്കള്‍ മമതബാനര്‍ജിയുടെ പേരാണ് മുന്‍പോട്ട് വയ്ക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്രകടനവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona