ലഗേജുകൾ ഉൾപ്പെടെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് മൂന്ന് കിലോയിലധികം കൊക്കൈൻ കണ്ടെത്തിയത്.
ബംഗളുരു: ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 38.8 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. ഖത്തറിൽ നിന്നെത്തിയ വിദേശ വനിതയാണ് ഇത്ര വലിയ അളവിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്നത്. പിടിയിലായത് ഘാന സ്വദേശിനിയാണെന്നും വിലയേറിയ കൊക്കൈനാണ് ഇവർ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചതെന്നും അധികൃതർ അറിയിച്ചു.
മൂന്ന് കിലോഗ്രാം കൊക്കൈൻ ഇവരുടെ കൈവശമുണ്ടായിരുന്നു. യാത്രക്കാരിയെക്കുറിച്ച് നേരത്തെ തന്നെ ഡിആർഐക്ക് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഘാനക്കാരിയായ യുവതി ഖത്തറിൽ നിന്നുള്ള വിമാനത്തിൽ വന്നിറങ്ങിയതു മുതൽ അധികൃതർ ഇവരെ രഹസ്യമായി നിരീക്ഷിച്ചു. തുടർന്ന് ഇവർ കൊണ്ടുവന്ന ലഗേജും മറ്റ് സാധനങ്ങളും പരിശോധിച്ചപ്പോഴാണ് മൂന്ന് കിലോഗ്രാം കൊക്കൈൻ കണ്ടെടുത്തത്.
യുവതിയെ ഉടൻ തന്നെ കസ്റ്റഡിയിൽ ഇടുത്തു. ഇവരെ ചോദ്യം ചെയ്ത് ലഹരിക്കടത്തിന്റെ മറ്റ് വിവരങ്ങൾ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. യുവതിയുടെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. വ്യോമയാന ട്രാൻസിറ്റ് ഹബ്ബുകൾ വഴി ലഹരിക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവർക്കൊപ്പം ലഹരിക്കടത്തിന് മറ്റ് പങ്കാളികൾ ഉണ്ടായിരുന്നോ എന്നും വലിയ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണോ ഇവരെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ഡിആർഐ വൃത്തങ്ങൾ പറഞ്ഞു.
