Asianet News MalayalamAsianet News Malayalam

അമർനാഥ് യാത്രക്ക് നേരെ പുല്‍വാമ മോഡൽ ആക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി ഐബി

ജൂലായ് ഒന്നിന് തുടങ്ങുന്ന അമ‍ർനാഥ് തീർത്ഥാടനത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്.

Security alert pulwama model attack in amarnath yatra
Author
Delhi, First Published Jun 24, 2019, 1:37 PM IST

ദില്ലി: അമർനാഥ് യാത്രക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസിന് റിപ്പോർട്ട്. പുല്‍വാമ മാതൃകയിലുള്ള സ്ഫോടനമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കാനാണ് നിർദ്ദേശം.

ജൂലായ് ഒന്നിന് തുടങ്ങുന്ന അമ‍ർനാഥ് തീർത്ഥാടനത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഇത് സംബന്ധിച്ച് ജാഗ്രത നി‍ർദ്ദേശം സുരക്ഷ സേനകൾക്കും ജമ്മു കശ്മീർ സർക്കാരിനും നൽകിയത്. യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കണമെന്നും മേഖലകൾ തിരിച്ച് സുരക്ഷ സേനകളുടെ വിന്യാസം നടത്തണം എന്നും  നിർദ്ദേശമുണ്ട്. യാത്ര കടന്നുപോകുന്ന മേഖലകളിൽ 290 ഭീകരരുടെ സാന്നിധ്യമാണ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ വർഷം കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ 115 ഭീകരരാണ് കൊല്ലപ്പെട്ടത്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരന്മാ‌രെ ഉള്‍പ്പെടെ വധിച്ചതിന്  തിരിച്ചടി നൽകാൻ ഭീകരർ പദ്ധതിയിടുന്നതായാണ് ഇന്റലിജൻസ് നൽകുന്ന വിവരം. യാത്രയുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കങ്ങൾ വിലയിരുത്താന്‍ നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യാത്രക്ക് മുന്നോടിയായി അമിത് ഷാ ഈ മാസം 30ന് കശ്മീരിൽ എത്തും. 2017 ൽ അമർനാഥ് യാത്രക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേ‍ർ കൊല്ലപ്പെടുകയും 18 പേ‍ർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ഈ വർഷം ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios