ബീഹാര്‍: രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെയാണ് വിതരണം ചെയ്യുന്നതെന്ന് സിപിഐ യുവനേതാവ് കനയ്യ കുമാര്‍. സാമൂഹ്യപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍  ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇത് ചുമത്തിയിട്ടില്ലെന്നും കനയ്യ കുമാര്‍ ബീഹാറില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് പ്രസ്താവന. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ പ്രസാദം നല്‍ക്കുന്നതുപോലെ രാജ്യദ്രോഹക്കുറ്റം സൗജന്യമായി വിതരണം ചെയ്യുകയാണ്. കര്‍ണാടകയിലെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതിന് പോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടില്ലെന്ന് കനയ്യ പറയുന്നു.

യുവാക്കളുടെ കയ്യില്‍ തോക്കുകള്‍ നല്‍കുന്ന ഗോഡ്‍സെവാദികള്‍ മക്കള്‍ക്ക് വേണ്ടി മികച്ച സ്ഥാനങ്ങള്‍ നേടി നല്‍കുന്നു. മകന് വേണ്ടി അമിത് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനമാണ് നേടിക്കൊടുത്തത്. അധികാരത്തിലുള്ള ഇവര്‍ മക്കളെ വിദ്ശ സര്‍വ്വകലാശാലകളില്‍ അയച്ച് പഠിപ്പിക്കുന്നു. എന്നാല്‍  സാധാരണക്കാരന് മൂന്ന് വര്‍ഷത്തെ ബിരുദം നേടാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷം എടുക്കുന്ന അവസ്ഥ ഇന്ത്യയില്‍ സൃഷ്ടിക്കുന്നുവെന്നും കനയ്യ പറഞ്ഞു. വിദ്വേഷം പരത്തിയും തെറ്റിധരിപ്പിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. നിലവിലെ നിയമത്തിന് കീഴില്‍ എല്ലാവര്‍ക്കും പൗരത്വം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. ഹിന്ദു മുസ്ലിം എതിര്‍പ്പ് സൃഷ്ടിച്ചാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും കനയ്യ ബീഹാറില്‍ പറഞ്ഞു.