ദില്ലി: ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗിന്‍റെ ഭാര്യ ആര്‍തി രംഗത്ത്. തന്‍റെ വ്യാജ ഒപ്പ് ഉപയോഗിച്ച്  4.5 കോടി രൂപയുടെ ലോണ്‍ തട്ടിയെന്നാണ് പരാതി. 

ഭര്‍ത്താവിന്‍റെ പേര് ഉപയോഗിച്ച് പണം നല്‍കിയ വ്യക്തിയെ സ്വാധീനിച്ചതായും ആര്‍തി പരാതിയില്‍ പറയുന്നു. 'എട്ടോളം ബിസിനസ് പങ്കാളികളാണ് വ്യാജ ഒപ്പുപയോഗിച്ച് പണം തട്ടിയത്. ദില്ലിയില്‍ നിന്നാണ് ഇവര്‍ ലോണ്‍ എടുത്തത്'. തന്‍റെ യാതൊരു അറിവുമില്ലാതെയാണ് ലോണ്‍ എടുത്തതെന്നും ആര്‍തി പരാതിയില്‍ വ്യക്തമാക്കുന്നു. 

തിരച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പണം നല്‍കിയ വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്നാണ് വ്യാജ ഒപ്പുപയോഗിച്ച് ലോണ്‍ തട്ടിയ വിവരം ആര്‍തി മനസിലാക്കിയത്.