Asianet News MalayalamAsianet News Malayalam

'ആ വാട്സാപ്പ് ഗ്രൂപ്പിൽ ഉള്ളവരുടെ ഫോൺ പിടിക്കൂ', ജെഎൻയു അക്രമത്തിൽ ഹൈക്കോടതി

തിങ്കളാഴ്ച കേസ് പരിഗണിക്കവേ, ജെഎൻയുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളോട്, ആ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ജെഎൻയുവിലെ അധ്യാപകരാണ് അക്രമവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്. 

Seize WhatsApp Group Members Phones High Court Tells Cops On JNU Attack
Author
New Delhi, First Published Jan 14, 2020, 1:21 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ജെഎൻയുവിൽ അക്രമം നടത്താൻ നേതൃത്വം നൽകുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നൽകുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകൾ പിടിച്ചെടുക്കാൻ ദില്ലി പൊലീസിനോട് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. ഈ വിവാദ വാട്‍സാപ്പ് ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങളെയും വിളിച്ച് വരുത്തുകയും, അവരുടെ ഫോൺ പിടിച്ചെടുത്ത് വിശദമായി പരിശോധിക്കാനുമാണ് ഉത്തരവ്. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ്, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്നിങ്ങനെ മൂന്നോളം വാട്‍സാപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളാണ് അക്രമം നടന്ന ദിവസം പുറത്തുവന്നത്.

തിങ്കളാഴ്ച കേസ് പരിഗണിക്കവേ, ജെഎൻയുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളോട്, ആ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഗൂഗിൾ, വാട്‍സാപ്പ്, ആപ്പിൾ, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളോട് അക്രമവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ മെസ്സേജുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

Image result for jnu whatsapp

ഒപ്പം, ജെഎൻയു റജിസ്ട്രാർ ഡോ. പ്രമോദ് കുമാറിനോട്, അക്രമവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണങ്ങളുമായും സഹകരിക്കണമെന്നും കോടതി കർശന നിർദേശം നൽകി. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും  അന്വേഷണസംഘവുമായി സർവകലാശാല സഹകരിക്കുന്നില്ല എന്ന് പൊലീസ് കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. അക്രമം നടന്ന ദിവസം ഇടത് വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നയാളാണ് ഡോ. പ്രമോദ് കുമാർ. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബ്രിജേഷ് സേഥിയുടേതാണ് ഉത്തരവ്.

ഇന്ന് കോടതിയിൽ ഹാജരായ വാട്‍സാപ്പ് ഇന്ത്യയുടെ പ്രതിനിധികൾ, ഒരു വാട്‍സാപ്പ് ഗ്രൂപ്പിലെയും അകത്ത് നടക്കുന്നതെന്തെന്ന് കമ്പനിക്ക് പരിശോധിക്കാനാകില്ല എന്നാണ് കോടതിയെ അറിയിച്ചത്. വാട്‍സാപ്പ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും സ്വകാര്യതാ നയവുമനുസരിച്ച് എല്ലാ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാൽ സുരക്ഷിതമാണ്. അതായത് ഗ്രൂപ്പിൽ അംഗങ്ങളായവർക്ക് മാത്രമേ ഈ ചാറ്റുകൾ കാണാനാകൂ. കമ്പനിക്ക് ഇത് പരിശോധിക്കാനാകില്ല. അതിനാൽ മെസ്സേജുകൾ പരിശോധിക്കണമെങ്കിൽ അതിൽ അംഗങ്ങളായവരുടെ ഫോൺ പരിശോധിച്ചാൽ മാത്രമേ കഴിയൂ എന്നും വാട്‍സാപ്പ് ഇന്ത്യ കോടതിയെ അറിയിച്ചു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഫോൺ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുന്നത്. 

ജെഎൻയുവിലെ തന്നെ മൂന്ന് പ്രൊഫസർമാരാണ് അക്രമത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന വാട്‍സാപ്പ് ഗ്രൂപ്പുകൾ പരിശോധിക്കണമെന്നും സർവകലാശാലയിൽ നടന്ന അക്രമത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഒപ്പം അക്രമത്തിൽ അന്വേഷണം വേണമെന്നും അമീത് പരമേശ്വരൻ, ശുക്ല സാവന്ത്, അതുൽ സൂദ് എന്നീ പ്രൊഫസർമാർ നൽകിയ ഹർജിയിലുണ്ട്.

ഒപ്പം, ക്യാമ്പസിലെ സിസിടിവികളിൽ പതിഞ്ഞ ഒരു ദൃശ്യവും സൂക്ഷിക്കപ്പെട്ടില്ല, അതിന് കാരണം സർവകലാശാലയിലെ സർവർ നശിപ്പിക്കപ്പെട്ടതാണെന്ന വാദം പരിശോധിക്കണമെന്നും ഹർജിയിലുണ്ട്. ആയിരം ഏക്കറുള്ള സർവകലാശാലയിൽ 135 സിസിടിവി ക്യാമറകളാണുള്ളത്. 

ജനുവരി അഞ്ചാം തീയതി ജെഎൻയുവിൽ മുഖംമൂടിസംഘം നടത്തിയ ആക്രമണത്തിൽ മുതിർന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിൽ ആർഎസ്എസ്, എബിവിപി, ബിജെപി, ബജ്‍രംഗദൾ എന്നീ സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും, ആക്രമണത്തിന് നേതൃത്വം നൽകിയത് വിവാദ വാട്‍സാപ്പ് ഗ്രൂപ്പുകൾ വഴിയാണെന്നും ആക്രമണം നടന്ന അന്ന് രാത്രി തന്നെ പുറത്തുവന്നതാണ്. 

അന്ന് അക്രമം തടയാൻ ഒന്നും ചെയ്യാതെ കൈ കെട്ടി നോക്കി നിൽക്കുകയാണ് പൊലീസ് ചെയ്തതെന്നും ആരോപണമുയർന്നിരുന്നതാണ്. എന്നാൽ വൈസ് ചാൻസലർ അകത്തേക്ക് കയറാൻ അനുമതി നൽകാതിരുന്നതിനാലാണ് നടപടിയെടുക്കാതിരുന്നതെന്നാണ് പൊലീസിന്‍റെ വിചിത്രവാദം. ജാമിയ മിലിയ സർവകലാശാലയിൽ ക്രമസമാധാനം തകർന്നുവെന്നാരോപിച്ചാണ് ക്യാമ്പസിനകത്ത് കയറി പൊലീസ് നടപടി തുടങ്ങിയത്. അതിന് വിസിയുടെ അനുമതിയുണ്ടായിരുന്നില്ല.

വിവാദ വാട്‍സാപ്പ് ഗ്രൂപ്പുകളിലൊന്നായ 'യൂണിറ്റ് എഗെയ്ൻസ്റ്റ് ലെഫ്റ്റിൽ' ഉണ്ടായിരുന്ന 37 അംഗങ്ങളെ കണ്ടെത്തി എന്നാണ് പൊലീസ് ഇപ്പോൾ വിശദീകരിക്കുന്നത്. ഗ്രൂപ്പിലാകെ ഉണ്ടായിരുന്നത് അറുപത് അംഗങ്ങളാണ്. ഇതിൽ 10 പേർ ജെഎൻയു വിദ്യാർത്ഥികളല്ല. 

എന്നാൽ ഇവരിലാരെയും വിളിച്ച് വരുത്തി ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പകരം, ജെഎൻയു യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെ അക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ച് ചോദ്യം ചെയ്യുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios