മുതിർന്ന മാവോയിസ്റ്റ് നേതാവ് ഭൂപതി എന്ന മല്ലോജുല വേണുഗോപാലും 60 പ്രവർത്തകരും മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളിയിൽ പോലീസിന് മുന്നിൽ കീഴടങ്ങി. നിലവിലെ നേതൃത്വവുമായുള്ള ഭിന്നതയും സായുധ പോരാട്ടം പരാജയപ്പെട്ടുവെന്ന തിരിച്ചറിവുമാണ് കീഴടങ്ങലിന് പിന്നിലെ കാരണം
മുംബൈ: മുതിർന്ന മാവോയിസ്റ്റ് നേതാവ് ഭൂപതി (മല്ലോജുല വേണുഗോപാൽ)യും 60 മാവോയിസ്റ്റുകളും മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം, ഡിവിഷണൽ കമ്മിറ്റിയിലെ പത്തംഗങ്ങളും കീഴടങ്ങിയവരിലുണ്ടെന്നാണ് വിവരം. രാജ്യത്ത് സിപിഐ (മാവോയിസ്റ്റ്) നേതാക്കളിൽ പ്രധാനിയാണ് ഭൂപതി. സോനു എന്നും ഇദ്ദേഹത്തിന് പേരുണ്ട്. മഹാരാഷ്ട്ര - ഛത്തീസ്‌ഗഡ് സംസ്ഥാന അതിർത്തി മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.
ഇപ്പോഴത്തെ മാവോയിസ്റ്റ് നേതൃത്വവുമായി ഇദ്ദേഹം അകൽച്ചയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കീഴടങ്ങലിലേക്ക് എത്തിച്ചതെന്ന് കരുതുന്നു. സായുധ പോരാട്ടം പരാജയപ്പെട്ടുവെന്ന് വാദിച്ച ഭൂപതി പൊതുജനപിന്തുണ കുറഞ്ഞതും നൂറുകണക്കിന് കേഡർമാരെ നഷ്‌ടപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ കേന്ദ്രസർക്കാരുമായി സന്ധി സംഭാഷണത്തിലേക്ക് പോകണമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മാറണമെന്നും നിലപാടെടുത്തിരുന്നു.
ഈ നിലപാട് മാറ്റത്തെ തുടർന്നാണ് ഭൂപതി ആയുധം വച്ച് കീഴടങ്ങിയത്. ഗഡ്‌ചിരോളി ജില്ലയിൽ ഏറെ നാളായി മാവോയിസ്റ്റുകൾ കീഴടങ്ങുന്നുണ്ട്. ഈ വർഷം ആദ്യം ഭൂപതിയുടെ ഭാര്യയും സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ പ്രവർത്തക കമ്മിറ്റി അംഗവുമായ താരകയും ഇതേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.


