സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന പിന്നാലെയാണ് ബാലാജിയെ ഒഴിവാക്കിയിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. 

ചെന്നൈ: വിശ്വസ്തനായ സെന്തിൽ ബാലാജിയെയും അശ്ലീല പരാമർശത്തിലൂടെ വിവാദത്തിലായ കെ.പൊന്മുടിയെയും ഒഴിവാക്കി, തമിഴ്നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നൽകിയതോടെയാണ് ബാലാജിയെ കൈവിടാൻ സ്റ്റാലിൻ നിർബന്ധിതൻ ആയത്. ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. കോയമ്പത്തൂരിൽ ഉദയനിധി സ്റ്റാലിൻ മുഖ്യാതിഥിയും സെന്തിൽ ബാലാജി അധ്യക്ഷനുമായ സർക്കാർ പരിപാടി പൂർത്തിയായതിന് പിന്നാലെ ആണ്‌ പ്രഖ്യാപനം.

സ്ത്രീകളെയും ഹൈന്ദവവിശ്വാസികളെയും ക്കുറിച്ചുള്ള അശ്ലീലപരാമർശങ്ങളിൽ പൊന്മുടിക്കെതിരെ കഴിഞ്ഞയാഴ്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബാലാജിയുടെ വൈദ്യുതി -എക്സൈസ് വകുപ്പുകളും പൊന്മുടിയുടെ വനം വകുപ്പും മൂന്ന് മന്ത്രിമാർക്കായി വീതം വച്ചുനൽകി. കന്യാകുമാരിയിലെ പദ്മനാഭപുരത്തുനിന്നുള്ള എംഎൽഎ മനോ തങ്കരാജിനെ 7 മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിലേക്ക് തിരിച്ചുവിളിച്ചു. നാളെ വൈകിട്ട് തങ്കരാജിന്റെ സത്യപ്രതിജ്ഞ നടക്കും.

മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തിൽ ബാലാജിയുടെ മന്ത്രിപദവി തുലാസിലായത്. മന്ത്രി സ്ഥാനം വേണോ സ്വാതന്ത്ര്യം വേണോ എന്ന് തിങ്കളാഴ്ച അറിയിക്കണമെന്നായിരുന്നു കോടതിയുടെ പരാമർശം. മന്ത്രി അല്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും കോടതിയിൽ അറിയിച്ച് ജാമ്യം നേടിയതിനു പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കോടതി നിരീക്ഷണം. കേസ് തമിഴ്നാടിന് പുറത്തേക്ക്‌ മാറ്റാമെന്ന് ബാലാജിയുടെ അഭിഭാഷകൻ ആയ കപിൽ സിബൽ നിർദേശിച്ചെങ്കിലും കോടതി വഴങ്ങിയിരുന്നില്ല. 

Pahalgam Attack |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്