ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്ന് ഗവർണർ വ്യക്തമാക്കി.
ചെന്നൈ: അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയുടെ വകുപ്പ് മാറ്റം അംഗീകരിച്ച് തമിഴ്നാട് ഗവർണർ. സെന്തില്‍ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ലെന്ന് തമിഴ്നാട് ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്നായിരുന്നു ഗവർണറുടെ പ്രതികരണം. വകുപ്പ് വിഭജിച്ച് നൽകി രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറും.
കഴിഞ്ഞ ദിവസമാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ അറസ്റ്റിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു. അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂയെന്ന് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിക്കും.
മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം എന്നിരിക്കെ, സെന്തിൽ ബാലാജിയുടെ വകുപ്പ് കൈമാറ്റത്തിന് ഉടക്കിട്ട ഗവര്‍ണര്‍ക്കെതിരെ തെരുവിലും പ്രതിഷേധം കത്തിക്കുകയാണ് ഡിഎംകെ. വൈകീട്ട് കോയമ്പത്തൂരിൽ ഡിഎംകെ സഖ്യത്തിന്‍റെ പ്രതിഷേധ സംഗമവുമുണ്ട്. സര്‍വ്വകലാശാലകളിലെ ബിരുദദാന ചടങ്ങ് ഗവര്‍ണര്‍ മുടക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകൾ പ്രതിഷേധമാര്‍ച്ച് നടത്തി. ആര്‍ എന്‍ രവി ഭരണഘടനയെ ബഗുമാനിക്കാന്‍ പഠിക്കണമെന്ന് കനിമൊഴി എംപി പറഞ്ഞു. അതേസമയം വിഐപി ചടങ്ങുകളില്‍ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കി. അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിൽ വൈദ്യുതി മുടങ്ങിയത് വിവാദമായതിന് പിന്നാലെയാണ് നിര്‍ദ്ദേശം.
സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി; പുറത്താക്കില്ല, വകുപ്പില്ലാ മന്ത്രിയാക്കാൻ സാധ്യത
സെന്തിൽ ബാലാജിക്ക് 3 ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

