ദില്ലി: സിറോ സർവേ റിപ്പോർട്ട്‌ രാജ്യ തലസ്ഥാനത്തെ ഞെട്ടിക്കുന്നു. ദില്ലിയിൽ കൊവിഡ് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സിറോ സർവേ റിപ്പോർട്ട്‌, പരിശോധിച്ച നാലിൽ ഒരാൾക്ക് രോഗം ബാധിച്ചതായും ചൂണ്ടികാട്ടുന്നതാണ്. മധ്യ ദില്ലിയിൽ ആണ് രോഗ വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മിക്കവാറൂം എല്ലാ വീടുകളിലും രോഗം എത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 25 % പേരിൽ ആന്‍റി ബോഡി രൂപപ്പെട്ടെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ദില്ലി ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലാണ് സിറോ സർവേ വിവരങ്ങളുള്ളത്.

നേരത്തെ ദില്ലിയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 8593 പേരാണ് ഒരുദിവസം ഇവിടെ രോഗബാധിതരായത്.

അതേസമയം രാജ്യത്ത് കൊവിഡ് മുക്തരുടെ രാജ്യത്ത് എണ്ണം 80.5 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 93 ശതമാനമായി. ആകെ രോഗ ബാധിതർ 87 ലക്ഷത്തിനടുത്താണെങ്കിലും ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണ്‌.